Sanju Samson to face the Dhoni test in today’s IPL match | ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജുവിനും രാജസ്ഥാനും മറികടക്കാനുള്ളത് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജുവിനും രാജസ്ഥാനും മറികടക്കാനുള്ളത് മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ. പുതിയ സീസണിൽ രാജസ്ഥാൻ്റെ ക്യാപ്റ്റൻസി ഏറ്റെടുത്ത സഞ്ജുവിന് ധോണിയുടെ വകയുള്ള പരീക്ഷ എങ്ങനെയാവും എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. നേരത്തെ ഡൽഹിയുടെ പുതിയ ക്യാപ്റ്റനായ ഋഷഭ് പന്ത് ധോണിയുടെ ടീമിനെതിരെ വിജയം സ്വന്തമാക്കിയിരുന്നു. ആ നിലയ്ക്ക് ഇന്ന് രാജസ്ഥാന് വിജയം നേടിക്കൊടുക്കാനായാൽ സഞ്ജുവിന് തൻ്റെ കരിയറിൽ ഓർത്തുവയ്ക്കാൻ പോന്ന നേട്ടം തന്നെയാവും.
സീസണിലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ ഇരു ടീമും രണ്ടാം മത്സരത്തിലൂടെ വിജയ വഴിയില്‍ തിരിച്ചെത്തിയിരുന്നു. അതിനാല്‍ത്തന്നെ ആര്‍ക്കാണ് വിജയം തുടരാനാവുകയെന്ന് കണ്ടറിയണം. ഇരു ടീമുകളും വിജയം ലക്ഷ്യം വച്ച് ഇറങ്ങുമ്പോൾ ആവേശം ഇരട്ടിയാവും എന്നതിൽ സംശയമില്ല.
രാജസ്ഥാന് ബാറ്റിങ്ങാണ് കരുത്തെങ്കിൽ ബൗളര്‍മാരില്‍ പ്രതീക്ഷവെച്ചാണ് ചെന്നൈ ഇറങ്ങുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ എം. എസ്. ധോണിയുടെ തന്ത്രങ്ങളെ തകര്‍ക്കാന്‍ യുവനായകനായ സഞ്ജു സാംസൺ എങ്ങനെയാവും ഒരുങ്ങുക എന്നത് കണ്ടറിയണം.
രാജസ്ഥാന്റെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ചെന്നൈയുടെ ബൗളര്‍മാര്‍ നന്നേ അധ്വാനിക്കേണ്ടതുണ്ട്. പഞ്ചാബിനെതിരേ നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹർ തന്നെയാവും ബൗളിംഗിൽ ധോണിയുടെ വജ്രായുധം. പന്തിനെ ഇരു ഭാഗത്തേക്കും സുന്ദരമായി സ്വിങ് ചെയ്യിക്കാനുള്ള താരത്തിൻ്റെ മികവ് തന്നെയാണ് താരത്തെ അപകടകാരിയാക്കുന്നത്. റൺസ് വിട്ടു കൊടുക്കുന്നതിൽ താരം കുറച്ച് മുന്നിൽ ആണെന്നത് ഒഴിച്ചാൽ മികച്ച പ്രകടനം തന്നെയാണ് ചഹർ കാഴ്ചവയ്ക്കുന്നത്.
ചഹറിനെക്കൂടാതെ ഷാര്‍ദുല്‍ ഠാക്കൂര്‍, സാം കറന് എന്നിവരാണ് ചെന്നൈ നിരയിലെ മറ്റ് പേസര്‍മാര്‍. ഇവരുടെ കൂടെ കളത്തിലിറങ്ങാൻ ദക്ഷിണാഫ്രിക്കൻ താരം എൻഗിഡിയും തയ്യാറായി നിൽക്കുന്നു. മുംബൈയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുമെന്നതിനാല്‍ എന്‍ഗിഡിയെ ചെന്നൈ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.
അതേ സമയം ചെന്നൈക്ക് ബാറ്റിങ്ങില്‍ മെച്ചപ്പെടാനുണ്ട്. അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ റെയ്നയെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് അവരുടെ പോരായ്മയാണ്. അമ്പാട്ടി റായിഡു, ഫാഫ് ഡുപ്ലെസി, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ക്കൊന്നും പ്രതീക്ഷയ്ക്കൊത്ത പ്രകടനം ഇതുവരെയും കാഴ്ചവക്കാനായിട്ടില്ല. ക്യാപ്റ്റൻ ധോണിയും മികവിലേക്ക് ഉയർന്നിട്ടില്ല. ആദ്യ കളിയിൽ ഡക്കായ താരത്തിന് രണ്ടാം കളിയിൽ ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല. മുംബൈയിലെ പിച്ചിൽ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ എത്രയും വേഗത്തിൽ റൺസ് അടിച്ചെടുക്കാൻ ചെന്നൈ ശ്രമിക്കേണ്ടതുണ്ട്.
ചെന്നൈ നിരയെ അപേക്ഷിച്ച് നോക്കുമ്പോൾ കൂടുതൽ കരുത്തർ രാജസ്ഥാൻ തന്നെയാണ്. വമ്പൻ അടിക്കാരുടെ ഒരു നിര തന്നെയുണ്ട് അവരുടെ ലൈനപ്പിൽ. ബെന്‍ സ്റ്റോക്സിന്റെ അഭാവം നികത്താന്‍ താന്‍ പ്രാപ്തനാണെന്ന് ഡേവിഡ് മില്ലര്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ ഓപ്പണിങ്ങില്‍ മികച്ച തുടക്കം ലഭിക്കാത്തത് രാജസ്ഥാനെ അലട്ടുന്നുണ്ട്. ജോസ് ബട്ലര് ഫോമിലേക്കുയരേണ്ടത് ടീമിന്റെ പ്രകടനത്തിൽ നിര്‍ണ്ണായകമാണ്. സഞ്ജു സാംസണ് നായകനെന്ന നിലയില്‍ ആദ്യ മത്സരത്തിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച പോലെ ഈ മത്സരത്തിലും താരം തിളങ്ങണം.
ബൗളിങ്ങില്‍ മുസ്തഫിസുര്‍ റഹ്മാന്, ജയദേവ് ഉനദ്കട്, ചേതന്‍ സക്കറിയ എന്നിവരെല്ലാം മികവ് കാട്ടുന്നു. ക്രിസ് മോറിസും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. ഡെത്ത് ഓവറില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും മോറിസില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി രാഹുല്‍ തെവാട്ടിയയെ തന്നെയാവും ഇന്നും രാജസ്ഥാന് ടീമിലേക്ക് പരിഗണിക്കുക.
ഇരു ടീമും നേർക്കുനേർ ഏറ്റുമുട്ടിയ മത്സരങ്ങളുടെ കണക്കെടുത്താൽ ചെന്നൈ സൂപ്പര്‍ കിങ്സിനാണ് മുന്‍തൂക്കം. 23 മത്സരങ്ങളില്‍ 14 തവണയും ജയം ചെന്നൈക്കായിരുന്നു. ഒൻപത് മത്സരങ്ങളിലാണ് രാജസ്ഥാന് ജയിക്കാനായത്.
രാജസ്ഥാന് റോയല്‍സ്: ജോസ് ബട്ലര്, മാനന് വോറ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ) ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ക്രിസ് മോറിസ്, ജയദേവ് ഉനദ്കട്, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്.
ചെന്നൈ സൂപ്പർ കിങ്സ്: ഋതുരാജ് ഗേയ്ക്വാദ്, ഫാഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായിഡു, സാം കറന്, രവീന്ദ്ര ജഡേജ, എംഎസ് ധോണി(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഡ്വെയ്ന്‍ ബ്രാവോ, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍.