വാഹന രജിസ്ട്രേഷന് മുമ്പ് ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ തന്നെയാണോ നിലവിൽ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
തിരുവനന്തപുരം: വാഹന സംബന്ധമായ എല്ലാ ഇടപാടിനും, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കി. കേന്ദ്രസർക്കാർ ഇന്നലെയാണ് ആധാർ നിർബന്ധമാക്കി ഉത്തരവ് ഇറക്കിയത്. കേരളത്തിലും ഈ ഉത്തരവ് ഇന്നലെ മുതൽ നടപ്പായി. വാഹന രജിസ്ട്രേഷന് പുതിയ മാനദണ്ഡവും കഴിഞ്ഞദിവസം മുതൽ നിലവിൽ വന്നു.
മോട്ടോർ വാഹന വകുപ്പിന്റെ സർക്കുലർ അനുസരിച്ച് വാഹന രജിസ്ട്രേഷൻ മുൻഗണനാക്രമം നിർബന്ധമായും പാലിക്കണമെന്നാണ് നിർദ്ദേശം. പുതിയ മാനദണ്ഡം അനുസരിച്ച് ഡീലർമാർ തന്നെയാണ് രജിസ്ട്രേഷൻ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിൽ നമ്പർ ഉൾപ്പെടെ നൽകി പുറത്തിറക്കേണ്ടത്.
ഓൺലൈനിൽ ലഭിക്കുന്ന അപേക്ഷകളിൽ മുൻഗണനാക്രമം പാലിച്ചു മാത്രമേ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കൂവെന്നാണ് നിബന്ധന. ഡീലർമാരിൽ നിന്ന് ഓട്ടോറിക്ഷ പുറത്തിറക്കേണ്ടത് ലീഗൽ മെട്രോളജി വകുപ്പിന്റെ അംഗീകാരത്തോടെ മീറ്റർ ഘടിപ്പിച്ചു വേണമെന്നും പുതിയ മാനദണ്ഡത്തിൽ നിർദ്ദേശമുണ്ട്.
വാഹനസംബന്ധമായ എല്ലാ ഇടപാടുകൾക്കും ഉടമയുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ഒ ടി പി മെസേജ് ചെല്ലും. ആ ഒ ടി പി നമ്പർ ലഭിച്ചാൽ മാത്രമേ വാഹന സംബന്ധമായ തുടർ ഇടപാടുകൾ മുന്നോട്ട് പോകുകയുള്ളൂ. പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനും ഇത് നിർബന്ധമാക്കി.
ഇത്തരം നിബന്ധനകൾ വരുന്നതോടെ ഒരാളുടെ പേരിൽ എത്ര വാഹനങ്ങളുണ്ടെന്നതിന്റെ കൃത്യമായ കണക്ക് സർക്കാരിന് അറിയാൻ കഴിയും. നിലവിൽ വാഹന രജിസ്ട്രേഷന് വിലാസം സംബന്ധിച്ച രേഖകൾ നൽകുമ്പോൾ ആധാർ കാർഡ് നിർബന്ധമായിരുന്നില്ല. എന്നാൽ, പുതിയ മാനദണ്ഡം അനുസരിച്ച് ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പരിലേക്ക് ആയിരിക്കും എല്ലാ സന്ദേശങ്ങളുമെത്തുക. അതുകൊണ്ടു തന്നെ രജിസ്ട്രേഷനിൽ മറ്റ് വ്യാജ ഇടപാടുകൾ നടക്കില്ല.
അതുകൊണ്ട്, വാഹന രജിസ്ട്രേഷന് മുമ്പ് ആധാറിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ തന്നെയാണോ നിലവിൽ ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തേണ്ടതാണ്.