ആദ്യ മത്സരത്തിൽ അവസാന പന്തിലെ ജയം നേടിക്കൊണ്ടാണ് ബാംഗ്ലൂർ ടീം രണ്ടാമങ്കത്തിന് ഇറങ്ങുന്നത്. എന്നാൽ ആദ്യമത്സരത്തിൽ കെ കെ ആറിനോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാൻ വേണ്ടിയാകും ഹൈദരാബാദ് ടീം ഇറങ്ങുക.
ഐ പി എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള സൺറൈസേഴ്സ് ഹൈദരാബാദ് വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം. ആദ്യ മത്സരത്തിൽ അവസാന പന്തിലെ ജയം നേടിക്കൊണ്ടാണ് ബാംഗ്ലൂർ ടീം രണ്ടാമങ്കത്തിന് ഇറങ്ങുന്നത്. എന്നാൽ ആദ്യമത്സരത്തിൽ കെ കെ ആറിനോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാൻ വേണ്ടിയാകും ഹൈദരാബാദ് ടീം ഇറങ്ങുക.
മികച്ച താരനിര ഉണ്ടായിട്ടും ഇതുവരെ കിരീടം നേടാനാവാത്ത പേരുദോഷം ഇക്കുറി മാറ്റാനാണ് കോഹ്ലിയും കൂട്ടരും ഇറങ്ങുന്നത്. മൂന്ന് തവണ ഐ പി എല്‍ ഫൈനലുകളില്‍ പ്രവേശിച്ച് കിരീടം കൈയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ടീമാണ് ബാംഗ്ലൂർ. അവസാന സീസണില്‍ എലിമിനേറ്റര്‍ റൗണ്ടില്‍ സണ്‍റൈസേഴ്സിനോട് തോറ്റ് ആര് സി ബി പുറത്താവുകയായിരുന്നു. ഈ കണക്ക് തീർക്കാനുള്ള അവസരം കൂടിയാണ് കോഹ്ലിക്കും കൂട്ടർക്കും ഇന്നത്തെ മത്സരം.
ഈ സീസണിലെ ആദ്യ മത്സരത്തിൽ കെ കെ ആറിനോട് വെറും പത്തു റൺസിനായിരുന്നു ഹൈദരാബാദിന്റെ തോൽവി. മധ്യ ഓവറുകളിൽ റൺസ് വിട്ടു നൽകുന്നതിൽ കെ കെ ആർ ബൗളർമാർ നല്ല രീതിയിൽ പിശുക്ക് കാണിച്ചിരുന്നു. അത് തന്നെയാണ് ഹൈദരാബാദിന് തിരിച്ചടിയായതും. എന്നാൽ വെടിക്കെട്ട് ബാറ്റ്സ്മാൻ അബ്ദുൾ സമദിനെ ഏഴാം നമ്പറിലാണ് ക്രീസിലേക്കു അയച്ചത്. അപ്പോഴേക്കും കളി കെ കെ ആറിന്റെ വരുതിയിലായിരുന്നു.മികച്ച സ്ട്രൈക്ക് റേറ്റുള്ള സമദിനെ കുറച്ചുകൂടി നേരത്തേ ഇറക്കിയിരുന്നെങ്കില്‍ ഒരു പക്ഷെ മല്‍സരഫലം മാറുമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എട്ടു ബോളില്‍ നിന്നും രണ്ടു സിക്സറുകളടക്കമാണ് താരം പുറത്താവാതെ 19 റണ്‍സ് നേടിയത്.
സാഹ- വാര്‍ണര്‍ ജോഡി തന്നെ ഇനിയുള്ള മത്സരങ്ങളിലും എസ് ആര് എച്ച് ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യുമെന്ന സൂചനയാണ് കോച്ച് ട്രെവർ ബെയിലിസ് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ നാല് മത്സരങ്ങളില്‍ നിന്ന് 214 റണ്‍സാണ് സാഹ സ്കോര്‍ ചെയ്തിരുന്നത്.
അവസാന മത്സരത്തിൽ വാഷിംഗ്ടണ്‍ സുന്ദറാണ് കോഹ്ലിക്കൊപ്പം ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. കോഹ്ലിയുടെ ടൈമിംഗിനും പ്ലേസ്മെന്റിനുമൊപ്പം പിടിച്ചു നില്ക്കാന് സുന്ദര്‍ പാടുപെട്ടെങ്കിലും അഞ്ചാം ഓവര്‍ വരെ പിടിച്ചു നിന്നു. എന്നാൽ കോവിഡ് മാറി ടീമിൽ തിരിച്ചെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കൽ ഇന്ന് ആർ സി ബി ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇരു ടീമുകളും ഐ പി എൽ ചരിത്രത്തിൽ 18 തവണ നേർക്കുനേർ വന്നപ്പോൾ 10 തവണ ഹൈദരാബാദും ഏഴ് തവണ ബാംഗ്ലൂരും ജയിച്ചിട്ടുണ്ട്. സൺറൈസേഴ്സിനെതിരെ ബാംഗ്ലൂരിന്റെ എബി ഡീ വില്ലിയേഴ്സ് 15 മത്സരങ്ങളിൽ നിന്നും 520 റൺസാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. 5 അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.