സര്‍ക്കാര്‍ രേഖകളിലെ മരണസംഖ്യയും ശവസംസ്കാരം നടത്തിയ മൃതദേഹങ്ങളുടെ എണ്ണവും വലിയ പൊരുത്തക്കേടുകളാണ് സൂചിപ്പിക്കുന്നത്
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോവിഡ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രേഖകളിലെ മരണസംഖ്യയും ശവസംസ്കാരം നടത്തിയ മൃതദേഹങ്ങളുടെ എണ്ണവും വലിയ പൊരുത്തക്കേടുകളാണ് സൂചിപ്പിക്കുന്നത്. 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന് ശേഷം ശ്മശാനഭൂമിയില്‍ ഇത്തരം രംഗങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
”ഇന്ന് നാലു മണിക്കൂറിനുള്ളില്‍ 30-40 മൃതദേഹങ്ങള്‍ ഇവിടേക്ക് കൊണ്ടുവരുന്നത് കണ്ടു’സഹോദരന്റെ മൃതദേഹം സംസ്കരിക്കാന്‍ വേണ്ടി വന്ന 54 കാരനായ ബി എന്‍ പാണ്ഡെ എന്‍ഡിടിവിയോട് പറഞ്ഞു. ശവസംസ്കാര ചടങ്ങുകള്‍ നടത്തുന്നതിനായി നിരവധി പേരാണ് റോഡരികില്‍ കാത്തുനില്‍ക്കുന്നത്. മൃതദേഹങ്ങളുമായി ആംബുലന്‍സുകളും കാത്തുകിടക്കുന്നു.
ശവസംസ്കാരം നടത്താനായി ആളുകള്‍ മൂന്നു നാലു മണിക്കൂര്‍ കാത്തുനില്‍ക്കുന്നത്. ശ്മാശനത്തില്‍ സ്ഥലം ഇല്ലാത്തതിനാല്‍ പലര്‍ക്കും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോകുന്നു. ഭോപ്പാലിലെ ഭദ്ഭാദ ശ്മാശനത്തില്‍ കോവിഡ് ബാധിച്ച 37 മൃതദേഹങ്ങള്‍ ദഹിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച 37 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം മധ്യപ്രദേശിലെ കഴിഞ്ഞ അഞ്ചു ദിവസത്തെ കോവിഡ് മരണ കണക്കുകളില്‍ പൊരുത്തകേടുകള്‍ കാണിക്കുന്നു.
ഏപ്രില്‍ എട്ടിന് ഭോപ്പാലില്‍ കോവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരം 41 മൃതദേഹങ്ങള്‍ സംസ്കരിച്ചു. എന്നാല്‍ അന്നത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ 27 മരണങ്ങള് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 9 ന് 35 മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ 23 മരണങ്ങളാണ് രേഖപ്പടുത്തിയിരിക്കുന്നത്. ഏപ്രില്‍ 10ന് 56 മൃതദേഹങ്ങള്‍ സംസ്കരിച്ചു സര്‍ക്കാര്‍ രേഖയില്‍ 24 എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏപ്രില്‍ 12ന് 68 മൃതദേഹങ്ങള്‍ സംസ്കിരച്ചു എന്നാല്‍ അന്നത്തെ മെഡിക്കല്‍ ബുള്ളറ്റിനില്‍ സംസ്ഥാനത്ത് 24 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ 12 ന് 59 മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിച്ചത് എന്നാല്‍ സര്‍ക്കാര്‍ രേഖയില്‍ 37 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേമസമയം മരണസംഖ്യ മറച്ചുവെയ്ക്കുന്നു എന്ന വാര്‍ത്തയോട് പ്രതികരിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. ‘മരണസംഖ്യ മറച്ചുവെയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ഞങ്ങള്‍ക്ക് ഒരു അവാര്‍ഡും ലഭിക്കുകയുമില്ല’മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 8,998 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,53,632 ആയി ഉയര്‍ന്നു. 40 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് മരണങ്ങള് 4,261 ആയി.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 1,84,372 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി വ്യാപിച്ച ശേഷം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 1,38,73,825 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,23,36,036 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 13,65,704 സജീവ കേസുകളാണുള്ളത്. സജീവ രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു ഘടകം. കോവിഡ് നിയന്ത്രണവിധേയമായ ഒരുഘട്ടത്തില്‍ രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്.