2021 ഏപ്രില്‍ 6-ാം തീയതി നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ശക്തമായ പോലീസ് ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ അതിര്‍ത്തികളിലുടനീളം മോട്ടോര്‍ വാഹന വകുപ്പിന്റേയും എക്സൈസ്സ് വകുപ്പിന്റേയും സഹകരണത്തോടെ വാഹന പരിശോധന ശക്തമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ,് അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ തെങ്കാശി ജില്ലാ പോലീസുമായി ചേര്‍ന്ന് പരിശോധന ശക്തിപ്പെടുത്തുന്നതുമാണ്. വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് നായയുടെ സേവനം അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഉണ്ടായിരിക്കുന്നതാണ്. മതിയായ കാരണങ്ങളില്ലാതെയുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി കടത്തികൊണ്ട് വരുന്ന വ്യാജ മദ്യം, കണക്കില്‍പ്പെടാത്ത പണം, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവ ലക്ഷ്യമിട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്ത്വത്തില്‍ ജില്ലയില്‍ സ്ക്ക്വോഡുകള് രൂപികരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ക്രമ സമാധാന പാലനത്തിനായി 6 ഡി.വൈ.എസ്സ്.പി മാരുടെ നേതൃത്ത്വത്തില്‍ 6 സ്റ്റ്രൈക്കിംഗ് ഫോഴ്സ്സുകള് 6 ഇലക്ഷന് സബ് ഡിവിഷനുകളില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. 4 ഡി.വൈ.എസ്സ്.പി മാരുടെ നേതൃത്ത്വത്തില്‍ കണ്ട്രോള് റൂം, ജില്ലയിലെ ഇലക്ഷന് ഡിസ്ട്രിബൂഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര സായുധ പോലീസ് സേന ഉള്‍പ്പെടെയുള്ള സുക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഏത് അടിയന്തിര സാഹചര്യങ്ങളും നേരുടുന്നതിനായി സംസ്ഥാന പോലീസ് മേധാവിയുടേയും, എ.ഡി.ജി.പി യുടേയും ഐ.ജിയുടേയും, ഡി.ഐ.ജിയുടേയും, ജില്ലാ പോലീസ് മേധാവിയുടേയും സ്റ്റ്രൈക്കിംഗ് ഫോഴ്സ്സുകള് ജില്ലയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ജില്ലയിലുടനീളം വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ള 1705 ബൂത്തുകളുടെ സുരക്ഷയ്ക്കായി 25 പോലീസ് ഇന്‍സ്പെക്ടര്‍മാരും, 140 പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരും, 1368 എസ്സ്.സി.പി.ഒ. മാരും, 200 കേന്ദ്ര സായുധ പോലീസ് സേന. ഉദ്യോഗസ്ഥരും, 1040 സ്പെഷ്യല്‍ പോസീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന വിപുലമായ സുരക്ഷാ സന്നാഹമാണ് വിന്വസിച്ചിരിക്കന്നത്. 04.03.2021 മുതല്‍ 06.04.2021 ഇലക്ഷന് തീരുന്ന ദിവസം വരെ ബോംബ് സ്ക്ക്വോഡിന്റേയും, ഡോഗ് സ്ക്കോഡിന്റേയും സംഘങ്ങള്‍ ജില്ലയിലുടനീളം പരിശോധന നടത്തുന്നതാണ്. ബഹുമാനപ്പെട്ട ഇലക്ഷന് കമ്മീഷന് തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുള്ള ബൈക്ക് റാലികള്‍, കൊട്ടിക്കലാശം എന്നിവ നിരോധിച്ചിട്ടുള്ളതിനാല്‍ ആയതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ഇലക്ഷന് കമ്മീഷനും, പോലീസും സ്വീകരിക്കുമെന്നും, കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും കൊല്ലം റൂറല്‍ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്.
