ആശുപത്രിയിൽ കഴിയുന്ന സച്ചിനുമായി എന്നും സംസാരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചോർത്ത് ആരും ആശങ്കപ്പെടേണ്ട എന്നുമാണ് അതുൽ അറിയിച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നറിയിച്ച് സുഹൃത്ത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്ററെ രണ്ട് ദിവസം മുമ്പ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു
ഇതിന് പിന്നാലെ ആരാധകർ ആശങ്ക അറിയിച്ചെത്തിയ സാഹചര്യത്തിലാണ് സച്ചിന്റെ ബാല്യകാലസുഹൃത്ത് കൂടിയായ അതുൽ റണാഡെ താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും മുൻകരുതൽ നടപടി എന്ന നിലയ്ക്കാണ് സച്ചിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നുമാണ് അതുൽ അറിയിച്ചത്. ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം മുൻകരുതൽ എന്ന നിലയ്ക്കാണ് ആശുപത്രിയിൽ എത്തിയതെന്ന് സച്ചിൻ തന്നെ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. എങ്കിലും ആരാധകരുടെ ആശങ്കയ്ക്ക് അറുതി വരാത്ത സാഹചര്യത്തിലാണ് സുഹൃത്തിന്റെ പ്രതികരണം.
ആശുപത്രിയിൽ കഴിയുന്ന സച്ചിനുമായി എന്നും സംസാരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചോർത്ത് ആരും ആശങ്കപ്പെടേണ്ട എന്നുമാണ് അതുൽ അറിയിച്ചത്.
‘അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വളരെ നല്ല കാര്യമാണ്. നേരിയ കോവിഡ് ലക്ഷണങ്ങൾ മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത് അതുകൊണ്ട് തന്നെ ഇത്തരമൊരു നിരീക്ഷണമാണ് നല്ലത്. ആശുപത്രിയിലെ സംവിധാനങ്ങൾ ഉപയോഗിച്ച് ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താൻ കഴിയും’ അതുലിന്റെ വാക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സച്ചിൻ തന്നെയാണ് ട്വീറ്റിലൂടെ പുറത്ത് വിട്ടത്. ”കോവിഡ് വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആയിരിക്കുകയാണ്. വീട്ടിലെ മറ്റെല്ലാവരുടേയും ഫലം നെഗറ്റീവാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് സ്വയം ക്വറന്റീനിലാണ്,” എന്നായിരുന്നു ട്വീറ്റ്.