കൊട്ടാരക്കര: വികലാംഗനായ യുവാവിനോട് നഗരസഭയുടെ ക്രൂരത. നീലേശ്വരം, അമ്പിളികുന്നില് താമസിക്കുന്ന പ്രശാന്തിനോടും കുടുംബത്തിനോടുമാണ് നഗരസഭയുടെ മനുഷ്യത്വ രഹിതമായ സമീപനമുണ്ടായത്. കാല്‍മുറിച്ചു മാറ്റി ദുരിതാവസ്ഥയിലായ പ്രശാന്തിന് തുടര്‍ ചികിത്സയ്ക്കായി വസ്തു വില്ക്കേണ്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ റോഡ് കടന്നുപോകുന്നതിനപ്പുറത്തുള്ള പ്രശാത്തിന്റെ പേരിലുള്ള വസ്തു അദ്ദേഹം വില്ക്കാന് ശ്രമിച്ചു. എന്നാല്‍ അയല്‍വാസിയായ സ്ത്രീ റോഡ് ഉള്‍പ്പെടുന്ന സ്ഥലം തനിക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ഇപ്പോള്‍ കെട്ടിയടച്ചിരിക്കുകയാണ്. അതിനാല്‍ സഞ്ചരിക്കുവാന്‍ വഴിയില്ലാത്തതുകൊണ്ട് ആരും പ്രശാന്തിന്റെ വസ്തു വാങ്ങുവാന്‍ എത്തുന്നുമില്ല.2018-19ലെ വാര്‍ഷിക പ്രോജക്ട് അനുസരിച്ച് അനുസരിച്ചുകൊണ്ട് കൊട്ടാരക്കര നഗരസഭയിലെ കഴിഞ്ഞ ഭരണ സമിതി രണ്ടര ലക്ഷത്തോളം രൂപയ്ക്ക് ഈ റോഡ് ടാര്‍ ചെയ്യുവാന്‍ ഫണ്ട് അനുവദിക്കുകയും ടാര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രശാന്ത് നഗരസഭയില്‍ നിരവധി പരാതികള്‍ നല്കി. എന്നാല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അനുഭാവപൂര്‍വ്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ഈ റോഡ് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്താമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ എന്‍ഡിഎയ്ക്കായി തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രചരണങ്ങള്‍ നടത്തിയെന്ന കാരണത്താല്‍ സിപിഎമ്മിന്റെ ഭരണത്തിലുള്ള നഗരസഭ പിന്നീട് നടപടികളൊന്നും നടത്താന്‍ തയ്യാറായില്ല. സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അനുഭാവ പൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിച്ചെങ്കിലും സിപിഎം നേതൃത്വം ഇടപെട്ട് ഇത് തടയുകയായിരുന്നുവെന്നാണ് ആരോപണം. കൗണ്‍സില്‍ യോഗത്തില്‍ പോലും ഈ വിഷയം ചര്‍ച്ച നടത്തിയില്ലായെന്ന് ബിജെപി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി. നഗരസഭയുടെ ഈ അനാസ്ഥയ്ക്കെതിരെ യുവാവിന് പിന്തുണ അറിയിച്ച് പ്രതിഷേധിച്ച ബിജെപി കൗണ്‍സിലര്‍മാരെ ഇന്നലെ പോലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയായിരുന്നുവെങ്കില്‍ നഗരസഭ എന്തിന് റോഡ് ടാര്‍ ചെയ്ത് നല്‍കിയെന്ന് ബിജെപി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. തുടര്‍ ചികിത്സയ്ക്കായി പണം കണ്ടെത്താനാകാതെ ജപ്തി ഭീഷണിയുള്‍പ്പെടെയുള്ള വികലാഗംനും ക്ഷീര കര്‍ഷകനുമായ യുവാവിനൊട് നഗരസഭ മനുഷ്യത്വ രഹിതമായ രീതികളിലൂടെയാണ് പെരുമാറുന്നതെന്നും നിര്‍ദ്ധന കുടുംബത്തിനായി രംഗത്തെത്തിയവരെ മൃഗീയമായി പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയാണുണ്ടായതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടണമെന്നും നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും ബിജെപി കൊട്ടാരക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ആര് രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉചിതമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ നടപടികളുമായി ബിജെപി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
