ജനങ്ങൾക്ക് നൽകുന്ന അരി മുടക്കാനാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പുറപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് എല്ലാവരും സ്വാഗതം ചെയ്ത നടപടിയാണ്. സ്കൂൾ കുട്ടികളുടെ ഭക്ഷ്യവിതരണം, വിഷു കിറ്റ്, ഏപ്രിൽ, മെയ് മാസങ്ങളിലെ പെൻഷൻ വിതരണം എന്നിവ ഏപ്രിൽ ആറ് വരെ നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു
സർക്കാർ ഇതൊക്കെ ചെയ്യുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടല്ല. വിഷു മാത്രമല്ല, ഈസ്റ്ററും വരുന്നുണ്ട്. അതുകൂടി കണ്ടാണ് കിറ്റ് നേരത്തെ കൊടുക്കുന്നത്. കിറ്റ് കൊടുത്തൽ ജനങ്ങൾ സ്വാധീനിക്കപ്പെടുമെന്ന് പറയുന്നത് ജനങ്ങളെ താഴ്ത്തിക്കെട്ടലാണ്.
കിഫ്ബിയുടെ കഴുത്തിൽ കുരുക്കിടാനുള്ള ആരാച്ചാർ പണിയാണ് യുഡിഎഫ് ഏറ്റെടുത്തത്. കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകർക്കാൻ കേന്ദ്രത്തിന് അവസരം തുറന്നു കൊടുക്കാൻ യുഡിഎഫിന് സാധിച്ചു. യുഡിഎഫ് തുറന്നുകൊടുത്ത വാതിലിലൂടെയാണ് കേന്ദ്ര ഏജൻസികൾ എത്തിയത്.
2016ന് മുമ്പ് അഴിമതി നടമാടുന്ന സംസ്ഥാനമെന്ന ദുഷ്പേര് നമുക്കുണ്ടായിരുന്നു. ഇന്ന് രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.