ഉഴവൂര്‍ : സ്നേഹബന്ധത്തിനു അതിരുകളില്ലെന്ന് വീണ്ടും ഓര്‍മിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉഴവൂരില്‍ നിന്നും കൂത്താട്ടുകുളത്തേക്കുള്ള യാത്രയിലാണ് വഴിയരികില്‍ കാത്തു നിന്ന ഏലിക്കുട്ടി ചാക്കോയെയും അന്നമ്മ ചാണ്ടിയെയും രാഹുല്‍ ഗാന്ധി കണ്ടത്. പിന്നെ കാര്‍ നിര്‍ത്തി ഇരുവരോടും സംസാരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് കണ്ടുമുട്ടലിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
തനിക്ക് 72 വയസ്സായെന്ന് അന്നമ്മ പറഞ്ഞു , തനിക്ക് 86 എന്ന് ഏലിക്കുട്ടിയും. എന്നാല്‍ അന്നമ്മയെ കണ്ടാല്‍ 55 വയസ്സേ തോന്നൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എപ്പോഴും ഓര്‍ക്കും നേരില്‍ കാണാന്‍ കഴിയുമോന്നു. കാണാന്‍ പറ്റുമെന്നു വിചാരിച്ചില്ല, ഇനി മരിച്ചാലും വേണ്ടില്ലെന്ന് അന്നമ്മ പറഞ്ഞതോടെ രാഹുല്‍ ഇടപെട്ടു: അങ്ങനെ പറയരുത്, അടുത്ത തവണ കാണുമ്ബോള്‍ ഇതിലും ചെറുപ്പമാകണം. രാഹുല്‍ കാറിന് പുറത്തിറങ്ങി, രാഹുലിനെ അന്നമ്മ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു. അമ്മ സോണിയ ഗാന്ധിയോട് അന്വേഷണം പറയണമെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു.
അമ്മച്ചി എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്നേഹത്തിന് പ്രായമോ, ജാതിയോ, നിറമോ അതിരുകളോ ഇല്ലെന്ന് ഓര്‍മിപ്പിച്ച അന്നമ്മക്കും ഏലിക്കുട്ടിയമ്മക്കും രാഹുല്‍ നന്ദി പറയുകയും ചെയ്തു.