ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചേക്കും.
തിരുവനന്തപുരം: ഐഫോൺ കേസിൽ വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻ അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചേക്കും.
തപാൽ മുഖേനയും ഇമെയിൽ വഴിയും ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുപ്പതാം തീയതി ഹാജരായില്ലെങ്കിൽ അടുത്തദിവസം ജാമ്യമില്ലാ വാറണ്ടിന് കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് തീരുമാനം. വിനോദിനിയോട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഇന്നലെ രാവിലെ 11 മണിക്ക് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ പിന്നീട് ഹാജരാകേണ്ടതില്ല എന്ന് കസ്റ്റംസ് അറിയിച്ചു. ചോദ്യം ചെയ്യൽ മാറ്റിവയ്ക്കുകയായിരുന്നു. 30 ന് ഹാജരായില്ലെങ്കിൽ കോടതിയെ സമീപിച്ച് അറസ്റ്റ് വാറണ്ട് ലഭിക്കാൻ ശ്രമിക്കുമെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മുൻപ് കഴിഞ്ഞ പത്താം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല.
ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനിക് എങ്ങനെ ലഭിച്ചു എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ഐ ഫോണുകളാണ് സന്തോഷ് ഈപ്പൻ വാങ്ങിയിരുന്നത്. ഇതിൽ ഏറ്റവും വില കൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
ഐഎംഇഐ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസ് വിവാദമായതോടെ ഫോൺ തിരികെ കൈമാറുകയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്.
ലൈഫ് മിഷന് കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നൽകിയിരുന്നതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഐ ഫോണുകൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍, അഡീഷണൽ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവൻ, പത്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു.
ഉപയോഗിക്കുന്നത് സ്വന്തം ഫോൺ ആണെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. ഫോൺ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരമാണ് നൽകിയതെന്നും അത് വിനോദിനിക്ക് കൈമാറിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു.