സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് താൻ പറഞ്ഞത്. അതില്‍ ഉറച്ച് നില്ക്കുന്നു.
തിരുവനന്തപുരം: ദേവസ്വം ന്ത്രി കടകം പള്ളി സുരേന്ദ്രനെതിരായ പൂതനാ പരാമർശം ആവർത്തിച്ച് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രൻ. പൂതന പരാമർഎന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. പൂതന എന്ന വാക്ക് അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് താൻ പറഞ്ഞത്. അതില്‍ ഉറച്ച് നില്ക്കുന്നു. – ശോഭ സുരേന്ദ്രൻ പറഞ്ഞു,
“അധികാരത്തിന്റെ ദണ്ഡ് കടകംപള്ളിയില്‍ നിന്ന് ജനാധിപത്യപരമായി കഴക്കൂട്ടത്തെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവോ, അന്ന് കടകംപള്ളിയാകുന്ന പൂതനയ്ക്ക് മോക്ഷം കിട്ടും. ആ മോക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടിപൊളിക്കുമ്പോള്‍ ഉണ്ടാകും” ശോഭാ സുരേന്ദ്രന് പറഞ്ഞു.
തനിക്കെതിരെ കടംകപള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് പരാജയ ഭീതികൊണ്ടാണ്. ഉപ്പുതിന്ന കടംകപള്ളി വെള്ളം കുടിക്കുമെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പ്രയോഗം തിരുത്തില്ലെന്നു നേരത്തെയും ശോഭ സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. അയ്യപ്പ വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്. കഴക്കൂട്ടത്തെ വിശ്വാസികള്‍ കൃഷ്ണന്മാരായി മാറുമെന്നും കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്തു കിടന്ന് ഉരുളല്‍ ആണെന്നും ശോഭ പറഞ്ഞു. അതേസമയം താൻ തൊഴിലാളിവർഗ സംസ്കാരത്തിൽ വളർന്നുവന്ന നേതാവാണെന്നും സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുളളതെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ശോഭയെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത കഴക്കൂട്ടം മണ്ഡലം കൺവെൻഷനിലാണ് ശോഭ സുരേന്ദ്രൻ കടകംപള്ളി സുരേന്ദ്രന് എതിരെ വിവാദ പരാമർശം നടത്തിയത്.
‘ശ്രീമാൻ കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ പൂതനയായിട്ടാണ് അവതരിച്ചത് എന്ന് കഴക്കൂട്ടത്ത് അറിയാത്ത ഒരൊറ്റ വിശ്വാസി പോലുമില്ല’ – മണ്ഡലം കൺവൻഷനിൽ ബി ജെ പി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ പറഞ്ഞത് ഇങ്ങനെ. ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയതിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രൻ പൂതനാപരാമർശം നടത്തിയത്.
കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ ഖേദ പ്രകടനം നടത്തിയിരുന്നു. അന്ന് ദേവസ്വം മന്ത്രി പറഞ്ഞത് ഇങ്ങനെ, ‘2018ലെ ഒരു പ്രത്യേക സംഭവ വികാസമാണിത്. അതിൽ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലുമൊക്കെ ഞങ്ങൾക്ക് വിഷമമുണ്ട്. എന്നാൽ, ഇന്ന് അതൊന്നും ജനങ്ങളുടെ മനസിൽ ഇല്ലെന്നാണ് കരുതുന്നത്. സുപ്രീം കോടതിയുടെ വിശാലബെഞ്ചിനു മുന്നിൽ വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്ന് ഞങ്ങൾ വീണ്ടും വീണ്ടും എടുത്തു പറയുന്നു. അന്നെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു അതെല്ലാം ഒരു സന്ദേശം തന്നെയാണ്’ കടകംപള്ളി ശബരിമല വിഷയത്തിൽ വിശദീകരണം നൽകിയത് ഇങ്ങനെ.
അതേസമയം, കടകംപള്ളിയുടെ ശബരിമല ഖേദ പ്രകടനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞിരുന്നു. എന്താ അദ്ദേഹത്തെ നയിച്ചതെന്ന് അറിയില്ലെന്നും എന്താ പറഞ്ഞതെന്ന് അദ്ദേഹത്തോട് ചോദിച്ചതുമില്ലെന്നും സുപ്രീം കോടതി വിധി വരുമ്പോൾ മാത്രമേ ഇനി അതു ചർച്ച ചെയ്യേണ്ടതുള്ളൂവെന്നും ഒരു ചാനൽ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
ശബരിമലയിൽ ചർച്ച ആകാമായിരുന്നു എന്ന് തോന്നുന്നോ എന്ന ചോദ്യത്തിന് ‘എന്നു കാണാനാവില്ല’ എന്നായിരുന്നു പിണറായിയുടെ മറുപടി. ‘ഇതു സുപ്രീം കോടതി വരുത്തിയ അയവാണ്. വിധി സ്റ്റേ ചെയ്തിട്ടില്ല. വിശാലബെഞ്ചിനു വിടുകയാണ് ചെയ്തത്. സർക്കാർ ഇപ്പോൾ വേറൊരു നിലപാട് എടുക്കേണ്ടതില്ല. വിധി വരുമ്പോൾ അക്കാര്യം ചർച്ച ചെയ്യും. കേസ് വരുമ്പോൾ നടപടിക്രമം ആലോചിക്കും ‘– മുഖ്യമന്ത്രി വിശദീകരിച്ചത് ഇങ്ങനെ.
2018ൽ ശബരിമലയിൽ സംഭവിച്ച കാര്യങ്ങളിൽ വലിയ വിഷമമുണ്ടെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ആയിരുന്നു കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ഇതിനു പിന്നാലെ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കിയിരുന്നു.
വിശ്വാസികളെ ഇല്ലാതാക്കാൻ വന്ന പൂതന അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു ശോഭയുടെ പ്രസ്താവന. കഴക്കൂട്ടം മണ്ഡലം കൺവൻഷനിലായിരുന്നു കടകംപള്ളിക്കെതിരെ ഇരുവരും രംഗത്തെത്തിയത്.