ഉമ്മന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി കറുകത്തറയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഉമ്മന്നൂര്‍ ,വയക്കല്‍, വാളകം, നെല്ലിക്കുന്നം,പുലിക്കോട് എന്നിവടങ്ങളിലുള്ള ഹോട്ടലുകള്‍, ബേക്കറികള്‍,പഴം പച്ചക്കറി ശാലകള്‍, മത്സ്യക്കടകള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവടങ്ങളിലായിരുന്നു പരിശോധന. നെല്ലിക്കുന്നത്ത് പ്രവര്‍ത്തിച്ച് വന്ന ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടുകയും വൃത്തിഹീനമായി പ്രവര്‍ത്തിച്ച് വന്നതിനാല്‍ അടച്ച് പൂട്ടിക്കുകയും ചെയ്തു. വയക്കലില്‍ പ്രവര്‍ത്തിച്ച് വന്ന മെഡിക്കല്‍ ലാബില്‍ നിന്നും വര്‍ഷങ്ങള്‍ കഴിഞ്ഞ റീ ഏജന്റെ് കണ്ടെത്തിയതിനെതുടര്‍ന്ന് ലാബ് ആരോഗ്യ വിഭാഗം നോട്ടീസ് നല്കി അടച്ച് പൂട്ടിച്ചു. വാളകത്തെ മത്സ്യക്കടകളില്‍ നിന്നും ചീഞ്ഞളിഞ്ഞ മത്സ്യം പിടികൂടി നശിപ്പിച്ചു. ഉമ്മന്നൂര്‍ പഞ്ചായത്തിലെ 46 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 12 സ്ഥാപനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഭൂരിഭാഗം സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പിന്റെ സാനിട്ടറി സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി. പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ലൈസന്‍സ് എടുത്ത ശേഷം തുറന്ന് പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്കി. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതായി ദീര്‍ഘനാളായി ആരോഗ്യവകുപ്പിന് പരാതി ലഭിച്ചുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി കറുകത്തറ പറഞ്ഞു. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനില്‍, ജിജുമോന്‍, പ്രശാന്ത്, ആതിര എന്നിവര്‍ പരിശോധനകളില്‍ പങ്കെടുത്തു. വരുന്ന ദിവസങ്ങളിലും പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളില്‍ തുടര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
