ന്യൂഡൽഹി : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്. ചൈനീസ് നിർമിത വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസങ്ങൾക്കിപ്പുറമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഖാന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ഫൈസൽ സുൽത്താനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
മാർച്ച് 18നാണ് ഇമ്രാൻ ഖാൻ ചൈന വികസിപ്പിച്ചെടുത്ത സിനോഫാമിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പാകിസ്ഥാനിൽ ലഭിക്കുന്ന ഒരേയൊരു വാക്സിൻ സിനോഫാമാണ്. ഇതിന്റെ രണ്ടു ഡോസുകൾ വിജയകരമായി സ്വീകരിച്ചാൽ മാത്രമേ പ്രയോജനം ലഭിക്കുകയുളളൂ.
ഫെബ്രുവരി ഒന്നിനാണ് അഞ്ച് ലക്ഷം സിനോഫാം വാക്സിനുകൾ പാകിസ്ഥാന് ചൈന സംഭാവന ചെയ്തത്. ചൈന മാർച്ച് 17 ന് പാകിസ്ഥാനിലേക്കയച്ച വാക്സിനുകളിൽ നിന്നുമാണ് ഇമ്രാൻഖാൻ ആദ്യ ഡോസ് സ്വീകരിച്ചത്.