തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിനെതിരെ പ്രതിരോധവുമായി എൽ.ഡി.എഫ്. കസ്റ്റംസ് നീക്കത്തിനെതിരെ നാളെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ആരോപിച്ചു. ജയിലിൽ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എൽ.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്ന് എ.വിജയരാഘവൻ അഭ്യർത്ഥിച്ചു.
സ്വപ്ന സുരേഷ് പ്രതിയായ ഡോളർ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് കോടതിയിൽ ആരോപിച്ചിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെയാണ് കസ്റ്റംസിൻറെ ഭാഗത്തു നിന്നുള്ള നിർണായക നീക്കം വന്നിരിക്കുന്നത്. മുഖ്യമന്ത്രി, സ്പീക്കർ, മൂന്ന് മന്ത്രിമാർ എന്നിവർക്ക് ഡോളർ കടത്തു കേസിൽ പങ്കുണ്ടെന്നും സ്വപ്ന സുരേഷിൻറെ രഹസ്യമൊഴി ഇക്കാര്യം വ്യക്തമാക്കുന്നുവെന്നുമാണ് കസ്റ്റംസ് ഹൈക്കോടിയെ അരിയിച്ചിരിക്കുന്നത്. ഉന്നതർക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ സ്വപ്നക്ക് ജയിലിൽ ഭീഷണി ഉണ്ടെന്നും കസ്റ്റംസ് പറയുന്നു. രാഷ്ട്രീയമായി ഇതിന് മുൻപുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണ് സംസ്ഥാന സർക്കാർ നേരിടുന്നത്.