MC റോഡിൽ ലോവർ കരിക്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കാറിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.
വ്യാഴാഴ്ച രാവിലെ 5.30ന് MCറോഡിൽ ലോവർ കരിക്കം റിലയൻസ് പമ്പിനു സമീപത്താണ് മാർത്താണ്ഡത്തു നിന്നും ചുടുകട്ടയുമായി വന്ന ലോറിയുടെ പിന്നിൽ മാരുതി 800 ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ആക്സിൽ, വീൽ ഉൾപ്പെടെ വണ്ടിയിൽ നിന്നു വേർപെട്ടു. മാരുതിയുടെ മുൻവശം തകർന്ന് കാർ ഓടിച്ചിരുന്ന ഓടനാവട്ടം, കുടവട്ടൂർ, എള്ളുവിള വീട്ടിൽ സജീവ് കുമാർ (49) കാറിൽ കുടുങ്ങി. ഉടൻ തന്നെ കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി ഇരുകാലുകളും കുടുങ്ങിപ്പോയ ആളിനെ വളരെ സാഹസികമായി ഹൈഡ്രോളിക് കട്ടർ, സ്പ്രെഡ്ഡർ എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി പുറത്തെടുത്തു. പോലീസിൻ്റെ സഹായത്തോടെ ആംബുലൻസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ നിന്നും തെറിച്ചുവീണ് പീറ്റർ (51), രാജൻ (55) എന്നീ മാർത്താണ്ഡം സ്വദേശികൾക്കും പരിക്ക് പറ്റിയിരുന്നു.ഇവരെയും ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗ്രേഡ് അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ R.സജീവിൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ C. രമേശ് കുമാർ, V.M. മനോജ്, B.സനിൽ, P. പ്രവീൺ, ഗ്രേഡ് സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സജി ലൂക്കോസ്, ഹോം ഗാർഡുമാരായ A. അജിത്, S.R. രഞ്ജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
