രണ്ടാം ഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ച മധ്യവയസ്കൻ മരിച്ചു. ഇന്നലെയാണ് സുഖ്ദേവ് കിർദാത്ത് എന്ന 45 കാരൻ കോവിഡ് വാക്സിൻ സ്വീകരിച്ചത്. ശേഷം ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ഇന്ദിര ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തുടർന്ന് 15 മിനിറ്റിനുള്ളിൽ തന്നെ ഇദ്ദേഹം മരിക്കുകയും ചെയ്തു. എന്നാൽ മരണകാരണത്തെ കുറിച്ച് വ്യക്തമായ കാരണങ്ങൾ ലഭ്യമായിട്ടില്ലെന്നും വിശദമായ പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം പറയാനാകൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
”ജനുവരി 28 നാണ് അദ്ദേഹം ആദ്യ കോവിഡ് വാക്സിൻ സ്വീകരിച്ചത്. അന്ന് അദ്ദേഹത്തിന് വിശദമായ ദേഹ പരിശോധന നടത്തിയിരുന്നു. അദ്ദേഹത്തിന് വർഷങ്ങളായി രക്തസമ്മർദം ഉള്ളതായി അന്നത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിൻറെ കാലിൽ അതിയായ വീക്കവും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് രക്തസമ്മർദ്ദം ശരിയായ നിലയിലായിരുന്നു. ശരീരത്തിലെ ഓക്സിജൻറെ അളവും സാധാരണ ഗതിയിലായിരുന്നു”.
അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ മരണകാരണം എന്താണെന്ന് പറയാൻ ബുദ്ധിമുട്ടാണ്. അതിന് വിശദമായ പോസ്റ്റ്മോർട്ടം അനിവാര്യമാണ്.” ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ കെ.ആർ ഖാരാത് പറഞ്ഞു. മാർച്ച് ഒന്നിനാണ് രാജ്യവ്യാപകമായി രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ ആരംഭിച്ചത്.