മുംബൈ: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനവ് തടയുന്നതിന്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തീരുമാനമെടുക്കണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബോംബെ ചേംബർ ഓഫ് കൊമേഴ്സിന്റെ 185ാം സ്ഥാപക ദിനത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് 19 മഹാമാരിയെത്തുടർന്നുള്ള മുരടിപ്പിൽ നിന്ന് പുറത്തുകടക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്ക് റവന്യു വരുമാനത്തിന്റെ വർധിച്ച ആവശ്യമുണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ രാജ്യത്ത് വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനുമുള്ള സാഹചര്യം പെട്രോളിന്റെയും ഡീസലിന്റെയും വിലവർധനവ് മൂലമുണ്ടാകുന്നുവെന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
ഇന്ധന വിലവർധന കാറ്, ബൈക്ക് യാത്രക്കാരെ മാത്രമല്ല സമഗ്രമേഖലയെയും ദോഷകരമായി ബാധിക്കുമെന്നും അതിനാൽ നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആർബിഐ ഗവർണർ പറഞ്ഞു. നിർമാണ, ഗതാഗത മേഖലകളെ ബാധിച്ചാൽ രാജ്യമൊട്ടാകെ വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നികുതി കുറയ്ക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ ഏകോപനം ആവശ്യമാണ്. കൊവിഡിന്റെ സമ്മർദത്തിൽ നിന്ന് കരകയറാൻ സർക്കാരിന് കൂടുതൽ വരുമാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈയാഴ്ച തുടക്കത്തിൽ റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ മിനുട്സ് പുറത്ത് വന്നിരുന്നു. ഇതിൽ ഇന്ധന വില വർധനവിൽ അംഗങ്ങളെല്ലാം വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറ് രൂപയിലേക്ക് കുതിക്കുകയാണ്