കാസർകോട് : ജില്ലയിൽ സി.പി.എമ്മിൽ സ്ഥാനാർഥി മാറ്റത്തിനു സാധ്യതയുള്ള ഉദുമ സീറ്റിനു വേണ്ടി ജില്ലയിൽ പാർട്ടിക്കകത്ത് കരുനീക്കം. അഞ്ചു മണ്ഡലങ്ങളിൽ ഇടതുപക്ഷ വിജയം പ്രതീക്ഷിക്കുന്ന മൂന്നിൽ രണ്ടിടത്താണ് സി.പി.എമ്മിനു എം.എൽ.എമാരെ ലഭിക്കുക.
ഇതിൽ തൃക്കരിപ്പൂരിൽ എം. രാജഗോപാലൻ ഒരുതവണ മാത്രമാണ് വിജയിച്ചത്. കാര്യമായ കാരണങ്ങളില്ലാതെ രാജഗോപാലനെ മാറ്റാൻ സാധ്യതയില്ല.
ഉദുമയിൽ കെ. കുഞ്ഞിരാമൻ മാറുമെന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. പകരം ആര് എന്നതാണ് ചോദ്യം. പാർലമെൻററി രാഷ്ട്രീയത്തിലേക്ക് താൽപര്യമുള്ളയാളാണ് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ. ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക തയാറാക്കുന്ന യോഗത്തിൽ കെ.പി. സതീഷ് ചന്ദ്രന്റെ പേര് ഉയർന്നപ്പോൾ ബാലകൃഷ്ണൻ മാസ്റ്ററുടെ പേരും ഒരു വിഭാഗം ജില്ല കമ്മിറ്റിയംഗങ്ങൾ ഉയർത്തിയിരുന്നു.
ബാലകൃഷ്ണൻ മാസ്റ്റർക്ക് ഒപ്പം തന്നെ സാധ്യതയുള്ള പേരാണ് സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പുവിന്റേത്. നിരവധി തവണ മഞ്ചേശ്വരത്ത് പരീക്ഷിക്കപ്പെട്ട സി.എച്ച് കുഞ്ഞമ്പു ഒരുതവണ ചെർക്കളം വിരുദ്ധ തരംഗത്തിൽ ജയിച്ചുകയറിയിരുന്നു.
ഉദുമ മണ്ഡലത്തിൽ പ്രവർത്തിച്ച് പരിചയമുള്ള സി.എച്ച്. കുഞ്ഞമ്പുവിന് അത് അനുകൂല ഘടകമാണ്. ബാലകൃഷ്ണൻ മാസ്റ്റർ തൃക്കരിപ്പൂർ മണ്ഡലത്തിൽപെട്ട വോട്ടറാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉദുമയിൽ എൽ.ഡി.എഫിന്റെ വലിയ മുന്നേറ്റം വോട്ടിൽ പ്രകടമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറെ പിന്നാക്കം പോയ എൽ.ഡി.എഫ് തദ്ദേശത്തിൽ വലിയ രീതിയിൽ തിരിച്ചുവന്നു.
രണ്ടും നിയമസഭയിൽ പ്രകടമാകണമെന്നില്ല എന്ന് ഇരുമുന്നണികൾക്കും ബോധ്യമുണ്ട്. നിലവിലെ സർക്കാറിനെതിരെയുള്ള വികാരം കൂടി കണക്കിലെടുത്താൽ ഉദുമ പിടിക്കാമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. കോൺഗ്രസിന് എം.എൽ.എമാരില്ലാത്ത ജില്ലയിൽ എം.പിക്കു പുറമെ എം.എൽ.എ സ്ഥാനം കൂടി ലഭിച്ചാൽ ജില്ലയിൽ കോൺഗ്രസിന് വലിയ മേൽവിലാസമുണ്ടാകുമെന്നതിനാൽ കോൺഗ്രസ് കാര്യമായ ഇടപെടൽ ഉദുമയിൽ നടത്തുന്നുണ്ട്.
പേരാട്ടം കനക്കുന്ന നിലയിലേക്കാണ് ഉദുമ നീങ്ങുന്നത്. വനിതകൾ, യുവാക്കൾ എന്നിങ്ങനെയുള്ള ക്വോട്ടകൾ സി.പി.എമ്മിനുണ്ട്. അവസാന ഘട്ടം അത്തരം കാര്യവും പരിഗണിക്കപ്പെട്ടാൽ അപ്രതീക്ഷിത സ്ഥാനാർഥികൾ സി.പി.എമ്മിന്റേതായി എത്തിയേക്കാം.