മുംബൈ: ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അടക്കം നാലു മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചു . ജലവിഭവ മന്ത്രിയും എൻ സി പി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രി ബാച്ചു കാഡു, ഭക്ഷ്യമന്ത്രി രാജേന്ദ്ര ശിങ്ങ്നെ എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മറ്റ് മന്ത്രിമാർ.
മന്ത്രിമാർക്ക് പുറമേ അടുത്തിടെ ബിജെപി വിട്ട് എൻസിപിയിൽ ചേർന്ന ഏകനാഥ് ഖഡ്സെക്കും രോഗം സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിദർഭയിലെ യവത്മാലിൽ രണ്ട് ദിവസത്തേക്ക് ഇളവുകൾ പിൻവലിച്ച് ലോക് ഡൗൺ നിയന്ത്രണങ്ങൾ കർക്കശമാക്കി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ മുംബൈ നഗരസഭയും നിബന്ധനകൾ കർശനമാക്കി . ചട്ടം പാലിക്കാത്തവർക്കെതിരെ നിയമനടപടികളും ശക്തമാക്കിയിട്ടുണ്ട് .
വ്യാഴാഴ്ച മുംബൈയിൽ 736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലു മരണവും റിപ്പോർട്ട് ചെയ്തു .പ്രതിദിന രോഗികളുടെ എണ്ണം ആയിരം കവിയുന്ന പക്ഷം പൂർണ്ണ ലോക്ഡൗൺ അല്ലാതെ മറ്റ് മാർഗമില്ലെന്ന് സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്