ബെയ്ജിങ്: ഇന്ത്യൻ സൈന്യവുമായി കഴിഞ്ഞ വർഷം കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ നടന്ന തങ്ങളുടെ ഏറ്റുമുട്ടലിൽ അഞ്ച് ചൈനീസ് സൈനിക ഉദ്യോഗസ്ഥരും സൈനികരും കൊല്ലപ്പെട്ടെന്ന് ചൈന. സംഭവം നടന്ന് എട്ടുമാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ സ്ഥിരീകരണം.
2020 ജൂണിൽ ഗാൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ ജീവത്യാഗം ചെയ്ത അഞ്ച് ചൈനീസ് അതിർത്തി ഉദ്യോഗസ്ഥർക്കും സൈനികർക്കും മരണാനന്തര ബഹുമതികൾ നൽകിയതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരിൽ പിഎൽഎ സിൻജിയാങ് മിലിട്ടറി കമാൻഡിലെ റെജിമെന്റൽ കമാൻഡറായ ക്വി ഫബാവോയും ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. ചെൻ ഹോങ്ജുൻ, ചെൻ ഷിയാങ്റോങ്, ഷിയാവോ സിയുവാൻ, വാങ് ഴുവോറൻ എന്നിവർ വിദേശ സൈനികരുമായുള്ള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂൺ 15 ന് നടന്ന ഗാൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ നടന്ന ഏറ്റവും മോശം സംഭവമാണിത്.
സംഭവം നടന്നയുടനെ ഇന്ത്യ സൈനികരുടെ മരണം സ്ഥിരീകരിച്ചിരുന്നെങ്കിലും ചൈന ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. ഗാൽവാൻ വാലിയിലെ ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ ഔദ്യോഗിക വാർത്താ ഏജൻസി ടാസ് ഫെബ്രുവരി 10 ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈന ഇതുവരെയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.