തൃക്കൊടിത്താനം : കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ആലപ്പുഴ കോമളപുരം ഷാഫിമൻസിലിൽ ഷാഫിയെയാണ് (24) ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 300 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
നാലുകോടി, പായിപ്പാട് ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ജില്ല നാർകോട്ടിക്സെൽ ഡിവൈ.എസ്.പി ബി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡ് അംഗങ്ങൾ പ്രദേശത്ത് നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് സൂചന ലഭിച്ചത്. തുടർന്ന് ഇടപാടുകാരെന്ന വ്യാജേന പൊലീസ് ഇയാളെ സമീപിച്ചു. ബൈക്കപകടത്തെ തുടർന്ന് ഇയാളുടെ കൈക്ക് പരിക്കേറ്റ് പ്ലാസ്റ്റർ ഇട്ടിരിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ആലപ്പുഴയിൽ ബൈക്കിലെത്തി മാല പൊട്ടിച്ച കേസിലും കഞ്ചാവ് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം എസ്.ഐ എൻ. രാജേഷ്, എ.എസ്.ഐ അജിത്, ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, എസ്. അരുൺ, പി.എം. ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.