ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻജയം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 317 റൺസിൻറെ മിന്നും ജയം. 482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാലാം ദിനം ഉച്ചഭക്ഷണത്തിന് പിന്നാലെ 164 റൺസിന് പുറത്തായി. രണ്ട് ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് സ്കോർ 200 കടത്താൻ കഴിഞ്ഞില്ല. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-1 എന്ന നിലയിൽ ഒപ്പമെത്തി.

അവസാന വിക്കറ്റിൽ മൊയിൻ അലി-സ്റ്റുവർട്ട് ബ്രോഡ് സഖ്യം നേടിയ 38 റൺസാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട്. ഒൻപതാം വിക്കറ്റും വീണതോടെ എല്ലാം മറന്ന് ആഞ്ഞടിച്ച അലി അഞ്ച് സിക്സും മൂന്ന് ഫോറും ഉൾപ്പടെ 18 പന്തിൽ 43 റൺസ് നേടി. അഞ്ച് വിക്കറ്റ് നേടിയ അക്ഷർ പട്ടേലാണ് രണ്ടാം ഇന്നിംഗ്സിൽ ബൗളിംഗിൽ തിളങ്ങിയത്. അശ്വിൻ മൂന്നും കുൽദീപ് രണ്ടും വിക്കറ്റുകൾ നേടി. മത്സരത്തിൽ എട്ട് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറിയും നേടിയ അശ്വിനാണ് മാൻ ഓഫ് ദ മാച്ച്.

53/3 എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഇംഗ്ലീഷ് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ബെൻ സ്റ്റോക്സ് (8), ഒലി പോപ് (12), ബെൻ ഫോക്സ് (2) എന്നിവരെല്ലാം വന്നപോലെ മടങ്ങി. ക്യാപ്റ്റൻ റൂട്ട് പൊരുതാൻ ശ്രമിച്ചെങ്കിലും 33 റൺസുമായി അക്ഷർ പട്ടേലിന് മുന്നിൽ വീണു.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 329, രണ്ടാം ഇന്നിംഗ്സ് 286. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 134, രണ്ടാം ഇന്നിംഗ്സ് 164.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് 24ന് തുടങ്ങും. പുതുക്കി നിർമിച്ച അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി പിങ്ക് ബോളിലാണ് മത്സരം.
There are no comments at the moment, do you want to add one?
Write a comment