ന്യൂഡൽഹി: കർഷക പ്രക്ഷോഭം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം രാജ്യസഭയിൽ നിന്നും ഇറങ്ങിപ്പോയി. കോൺഗ്രസ് അടക്കമുള്ള പാർട്ടികളാണ് നോട്ടീസ് നൽകിയത്. ശൂന്യവേളയിൽ വിഷയം ഉന്നയിക്കാമെന്ന് രാജ്യസഭാ ചെയർമാൻ പറഞ്ഞു. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഒൻപത് മണിക്ക് സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചത്. രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ കാർഷിക നിയമങ്ങളെ അനുകൂലിച്ചിട്ടുണ്ട്. നാളെ മുതൽ നയപ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയ ചർച്ച നടക്കുന്നുണ്ട്. അപ്പോൾ ഈ വിഷയം ചർച്ച ചെയ്യാമെന്ന് രാജ്യസഭ ചെയർമാൻ അറിയിച്ചു. എന്നാൽ ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല.
