വയനാട് : തദ്ദേശ. ലോകസഭ. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടികയെന്ന BJP യുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കാനുള്ള അശ്രാന്ത ശ്രമമാണ് മോദി സർക്കാർ കഴിഞ്ഞ കുറേ മാസമായി നടത്തി കൊണ്ടിരിക്കുന്നത്.പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.നിയമ മന്ത്രാലയം എന്നിവയുടെ യോഗം വിളിച്ചു ചേർക്കുകയും ഭരണഘടനാ ഭേദഗതിക്കും നിയമഭേദഗതിക്കും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു കഴിഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് കേവലം ചർച്ചാ വിഷയമല്ല മറിച്ച് അനിവാര്യമെന്നാണ് ഓൾ ഇന്ത്യാ പ്രസിഡീങ്ങ് ഓഫീസർമാരുടെ സമ്മേളനത്തിൽ വെച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
നിലവിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനും സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുള്ളവോട്ടർ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ നിയന്ത്രിക്കുന്നതും മേൽനോട്ടം വഹിക്കുന്നതും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്.ഭരണഘടനയുടെ ആർട്ടിക്കിൾ 324 (1) ആണ് കമ്മീഷന് ഈ അധികാരം നൽകുന്നത്. ഉത്തർപ്രദേശ്, ഉത്തര ഖാണ്ഡ്.ഒഡിഷ.കേരളം, അസം. മധ്യ പ്രദേശ്. അരുണാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങൾ സ്വന്തം വോട്ടർ പട്ടികയാണ് തദ്ദേശ തെരഞെടുപ്പിൽ ഉപയോഗിക്കുന്നത്. 243 K. 243 z A വകുപ്പുകളാണ് വോട്ടർ പട്ടിക തയ്യാറാക്കി പഞ്ചായത്ത്.മുൻസിപ്പൽ തെരഞ്ഞെടുപ്പുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ത്.ഭരണഘടനാ ഭേദഗതിയിലൂട ഒറ്റ വോട്ടർ പട്ടികയും ഒറ്റ തെരഞ്ഞെടുപ്പും ലക്ഷ്യം വെച്ച് രാജ്യവ്യാപകമായി BJP വെബിനാറുകക്ക് നേതൃത്വം നൽകുകയാണ്.നിയമ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളെ ഒറ്റ തെരഞ്ഞെടുപ്പിലേക്ക് ആനയിക്കാൻ കേന്ദ്ര സർക്കാരും തീവ്രശ്രമത്തിലാണ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം മുമ്പ് രാജ്യത്ത് പരീക്ഷിച്ചതും പരാജയപ്പെട്ടതുമാണ്. 1952. 1957. 1962. 1967 എന്നീ വർഷങ്ങളിൽ ലോക സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചാണ് വോട്ടെടുപ്പ് നടന്നത്.ഭരണഘടന അനുശാസിക്കുന്ന 5 വർഷക്കാലാവധി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ പല സംസ്ഥാനങ്ങളിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വന്നു.ഇതേ തുടർന്ന് തെരഞ്ഞെടുപ്പുകളുടെ സമയക്രമം താളം തെറ്റുകയുണ്ടായി. ഒറ്റതെരഞ്ഞെടുപ്പിലേക്ക് രാജ്യം മടങ്ങണമെന്ന് 1983 ലെതെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം എൽ.കെ.അദ്വാനി എറ്റെടുത്തതോടെയാണ് ഏകീകൃത തെരഞ്ഞെടുപ്പ് BJP യുടെ അജണ്ടയായി മാറിയത്.2003 ൽ വാജ്പേയുടെ നേതൃത്വത്തിലുള്ള NDA സർക്കാർ ഒറ്റതെരഞ്ഞെടുപ്പിനായി ചില ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും വേണ്ടത്ര രീതിയിൽ ചർച്ചയായി മാറിയിരുന്നില്ല.2014 മുതൽ ഒറ്റതെരഞ്ഞെടുപ്പ് എന്ന ആശയം നരേന്ദ്ര മോഡിയുടെ പ്രധാന രാഷ്ട്രീയ അജണ്ടകളിലൊന്നാണ് .പ്രായോഗിക വശങ്ങൾ പഠിക്കുന്നതിനായി നീതി ആ യോഗിനെയും ലോകമ്മീഷനെയും ചുമതലപ്പെടുത്തിയും രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തും ഒടുവിൽ ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറയെ കൊണ്ട് സമ്മതം മൂളിപ്പിച്ചും മോദി സുപ്രധാനമായ
കരുനീക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
ഇന്ത്യയിൽ ഒരു വർഷം വിവിധ സംസ്ഥാനങ്ങളിലായി ശരാശരി അഞ്ചോളം തെരഞ്ഞെടുപ്പുകൾ നടക്കാറുണ്ട്. വിവിധ സമയങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ പൊതു ഖജനാവിന് വലിയ സാമ്പത്തീക ബാധ്യതയുണ്ടാക്കുന്നുവെന്നാണ് ഒറ്റ തെരഞ്ഞെടുപ്പുകാരുടെ പ്രധാന വാദം.ആദ്യ കേൾവിയിൽ സാധാരണക്കാരിൽ ഇത് ശരിയാണെന്നു തോന്നലുളവാക്കും. കോർപ്പറേറ്റുകളുടെ ലോൺ വകയിൽ 68,667 കോടിയും നികുതി കുടിശ്ശിക ഇനത്തിൽ 5.72,933 കോടിയും സർക്കാരിന്റെ പരസ്യങ്ങൾക്കായി 3755 കോടിയും ഖജാനാവിൽ നിന്നു തുലച്ചു കളഞ ബി.ജെ.പി ഭരണകൂടമാണ് തെരഞ്ഞെടുപ്പ് ചിലവിനെ കുറിച്ച് വാചോടാപം നടത്തുന്നതെന്ന സത്യം തിരിച്ചറിയുമ്പോൾ ആശകങ്കൾ അസ്ഥാനത്താകും. ജനാധിപത്യത്തിലെ ജീവവായുവായ തെരഞ്ഞെടുപ്പിനു വേണ്ടി ഉദ്യോഗസ്ഥരെയും ഉപകരണങ്ങളെയും വിന്യസിക്കുന്നതിൽ വരുന്ന ചിലവ് പ്രശ്നമുള്ളതല്ല. പൗരന്റെ മൗലികവകാശമായ വോട്ടവകാശം വിനിയോഗിക്കാൻ സുതാര്യവും വിശ്വാസയോഗ്യവുമായ തെരഞ്ഞെടുപ്പ് സമ്പ്രദായം നിലനിൽക്കണമെന്ന കാര്യത്തിൽ ഭൂരിപക്ഷവും നിർബന്ധബുദ്ധിയുള്ളവരാണ്. ഇന്ത്യയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയോ ജനപ്രതിനിധികളെയോ തിരിച്ചുവിളിക്കാൻ വോട്ടർമാർക്ക് അവകാശമില്ല. ഇടവേളകളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഭരണകൂടത്തോടുള്ള ഇഷ്ടവും അനിഷ്ടവും പ്രകടിപ്പിക്കാൻ വോട്ടർമാർക്ക് അവസരം കിട്ടും .2019 ൽ മധ്യ പ്രദേശ്. രാജസ്ഥാൻ. ചത്തീസ്ഖഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞടുപ്പിൽ ജനം ബി ജെ പി യെ മാറ്റി നിർത്തി.എന്നാൽ കുറഞ മാസങളുടെ ഇടവേളക്ക് ശേഷം മാത്രം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം BJP ക്ക് അനുകൂലമായിരുന്നു.ഓരോ തെരഞ്ഞെടുപ്പുകളും രാഷ്ട്രീയ പാർട്ടികളോടും ഭരണകൂടങ്ങളോടും തെറ്റുതിരുത്താനും ജാഗ്രത പുലർത്താനും ആഹ്വാനം നൽകിയാണ് തിരശ്ശീല വീഴുന്നത്.
ഏകീകൃത രീതിയിലെ തെരഞ്ഞെടുപ്പിൽ സർക്കാരിന് വീഴ്ച പറ്റിയാലും അഞ്ച് വർഷം വരെ തുടരാൻ സാധിക്കുമെന്നത് ഏറ്റവും വലിയപോരായ്മയാണ്.അഴിമതിക്കുംസ്വജനപക്ഷ
പാതത്തിനു മുള്ള ലൈസൻസായി പ്രസ്തുത കാലാവധി മാറും. ഒരു സർക്കാറിന് അവിശ്വാസ പ്രമേയം വഴി ഭൂരിപക്ഷം നഷ്ടപ്പെടുകയോ മണി ബിൽപാസ്സാക്കാനാവാത്ത അവസ്ഥയോ സംജാത
മായാൽ ആനിമിഷത്തിൽ രാജിവെക്കണം. ബദൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലങ്കിൽ സഭ പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലിവിലെ രീതി ഏകീകൃത തെരഞ്ഞെടുപ്പിൽ സാധ്യമല്ല. ഒറ്റ തെരഞ്ഞെടുപ്പ് രീതിയെ കുറിച്ച് പഠിക്കാൻ മോദി സർക്കാർ നിയോഗിച്ച നീതി ആ യോഗ് മുന്നോട്ട് വെച്ച ശിഷ്ടകാലാവധിയെന്ന നിർദ്ദേശം അപ്രായോഗികമാണ്. അഞ്ച് വർഷത്തെ കാലാവധിക്കുള്ളിൽ സർക്കാർ താഴെ വീഴുന്ന ഘട്ടത്തിൽ ശേഷിക്കുന്ന വർഷത്തേക്കുള്ള ശിഷ്ടകാലാവധി തെരഞ്ഞെടുപ്പാണ് നീതി ആ യോഗിന്റെ പ്രധാന നിർദേശം. തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിൽ കേന്ദ്രത്തിൽ പ്രസിഡണ്ടും സംസ്ഥാനങ്ങളിൽ ഗവർണർമാരും ഭരിക്കുന്ന അവസ്ഥയുണ്ടാകും.പ്രതിസന്ധി ഘട്ടങ്ങളിൽ ആറു മാസം രാഷ്ട്രപതി ഭരണം ഭരണഘടനയിൽ പ്രതിപാദിച്ചതാണ്. ആറ് മാസത്തിനപ്പുറമുള്ള ഭരണവ്യവസ്ഥ ഭരണഘടനാ ലംഘനവുമാണ്. കേന്ദ്ര ഭരണകൂടത്തിന് സംസ്ഥാനങ്ങളുടെ അവകാശത്തിൻമേൽ കയ്യേറ്റം നടത്താൻ അവസരം കിട്ടുമെന്നതിനാലും അമേരിക്കൻ മോഡലിൽ പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് സാവധാനം രാജ്യത്തെ തള്ളിവിടാൻ കഴിയുമെന്നതിനാലുമാണ് BJP ഒറ്റ തെരഞ്ഞെടുപ്പിനായി മുറവിളി കൂട്ടുന്നത്.
ഒറ്റ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ രാജ്യസഭയുടെ പ്രസക്തി നഷ്ടപ്പെടും.പാർമെന്റിൽ പാസ്സാക്കുന്ന ഏതൊരു ബില്ലും രാജ്യസഭയുടെയും കടമ്പ കടക്കുമ്പോൾ മാത്രമാണ് നിയമമായി മാറുന്നത്. രണ്ട് വർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ മാറി വരുന്ന രീതിയിലാണ് രാജ്യസഭയുടെ ഘടന തയ്യാറാക്കിയിട്ടുള്ളത്.സംസ്ഥാനങ്ങളിൽ മാറി വരുന്ന ജനാഭിലാഷമാണ് ഈ ഘടനയിൽ പ്രതിഫലിക്കുന്നത്. ആൻ ധ്രപ്രദേശ്, ഒഡിഷ, അരുണാചൽ പ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോകസഭ – നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടക്കുമ്പോൾ വോട്ടർമാർ ഒരേ പാർട്ടിക്കാണ് മുൻതൂക്കം നൽകുന്നുത്. ഈ സമ്പ്രദായത്തിൽ ചെറുകക്ഷികൾക്ക് സ്വാധീനം കുറയുന്നത്
ഗുണമായി മാറുമെന്നാണ് BJP കണക്ക് കൂട്ടുന്നത്. അതിലൂടെ രാജ്യസഭയിലും മേധാവിത്വം സ്ഥാപിക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പെരുമാറ്റ ചട്ടങ്ങൾ ഭരണ സ്തംഭനമുണ്ടാക്കുന്നുവെന്നും വികസന പ്രവർത്തനങ്ങൾ താളം തെറ്റിക്കുമെന്നും ഒട്ടും കഴമ്പില്ലാത്ത പ്രചരണവും തകൃതിയായി നടക്കുകയാണ്.നേരത്തെ പ്രഖ്യാപിച്ചതും അംഗീകാരം ലഭിച്ചതുമായ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിനോ നിലവിലുള്ളവ തുടരുന്നതിനോ പെരുമാറ്റ ചട്ടങ്ങൾ തടസ്സമാവാറില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴും വിവേചനമനുസരിച്ച് ഇലക്ഷൻ കമ്മീഷൻ ചില ഇളവുകൾ നൽകാറുമുണ്ട്. നിലവിലെ പെരുമാറ്റച്ചട്ടത്തിൽ പൊളിച്ചെഴുത്ത് നടത്തുന്നതിന് പകരം തലവേദനക്ക് തല വെട്ടിമാറ്റുന്ന ചികിത്സ ഒരിക്കലും സ്വീകാര്യമല്ല. അതിർത്തി കാക്കുന്ന സൈനികർക്ക് ഒരു ഘട്ടത്തിലും തെരഞ്ഞെടുപ്പ് ചുമതല നൽകാറില്ല. റിസർവ് സൈനീകരെയാണ് ഉപയോഗപ്പെടുത്താറുള്ളതെന്നടക്കമുള്ള ഒട്ടേറെ കാര്യങ്ങൾ മറച്ചുവെച്ചാണ്BJP യും കേന്ദ്ര സർക്കാരും ഒറ്റ തെരഞ്ഞെടുപ്പിനായി കുഴലൂത്ത് നടത്തുന്നത്. ഒറ്റ വോട്ടർ പട്ടിക യാഥാർത്ഥ്യമായാൽ ഇനിയെന്തിന് തദ്ദേശ സ്ഥാപനങളിലും നിയമസഭയിലും തെരഞ്ഞെടുപ്പുകൾ എന്നായിരിക്കും അടുത്ത ഘട്ടത്തിൽ ഫാസിസ്റ്റുകൾ ഉയർത്തുന്ന ചോദ്യം. തെരഞ്ഞെടുപ്പുകൾ നടക്കാത്ത കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെ രാഷ്ട്രീയാന്തരീക്ഷം വിലയിരുത്തുമ്പോൾ രാജ്യത്തെ തെരഞ്ഞെടുപ്പ് വ്യസ്ഥയുടെ മഹത്വം തിരിച്ചറിയും. ഒറ്റ തെരഞ്ഞെടുപ്പിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോകസഭയിലുണ്ടെങ്കിൽ മാത്രമാണ് ഭേദഗതി നടക്കാറുള്ളത്. നിലവിൽ NDA സർക്കാരിന് മുന്നിൽ രണ്ട് ഭൂരിപക്ഷമില്ല. ജനാധിപത്യ കക്ഷികളിൽ വിള്ളലുണ്ടാക്കി ലക്ഷ്യം നേടാൻ ഏത് കുത്സിത മാർഗ്ഗവും BJP അവലംബിക്കുമെന്നത് നമ്മുടെ മുന്നിലെ അനുഭവങ്ങളാണ്.ഇരു സഭകളിലും തങ്ങൾക്ക് അധീശത്വം കിട്ടുന്ന ഘട്ടത്തിൽ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം അവർ നടപ്പിൽ വരുത്തും. അതിനുള്ള കളം ഒരുക്കുന്നതിനാണ് കേന്ദ്ര സർക്കാർ നിയമ ഭേദഗതിക്കായി സംസ്ഥാനങ്ങളെ നിർബന്ധിക്കുന്നതുംBJP വെബിനാറുകൾ സംഘടിപ്പിക്കുന്നതും. ബഹുകക്ഷി ജനാധിപത്യത്തിന്റെ ആണിക്കല്ലിളക്കുന്ന ഒറ്റ വോട്ടർ പട്ടിക ക്യാമ്പയിന്റെ ഒളിയജണ്ടകളെ സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ കർമ്മ പദ്ധതികൾ തയ്യാറാക്കി ഉത്തരവാദിത്വം നിർവഹിക്കേണ്ടതും അനിവാര്യമാണ്.
