പാലക്കാട് : വാളയാറില്‍ പെണ്‍കുട്ടികള്‍ പീഢനത്തിനിരയായി മരിച്ച സംഭവത്തില്‍ തുടരന്വേഷണം നടത്താന്‍ പോക്സോ കോടതിയുടെ അനുമതി. പാലക്കാട് പോക്സോ കോടതിയാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഇന്നലെ തന്നെ ഇത് സംബന്ധിച്ച് ഉത്തരവുണ്ടാകുമെന്ന് കോടതി പറഞ്ഞിരുന്നു.
നേരത്തെ പ്രതികളായ വി മധു, ഷിബു എന്നിവരെ കോടതി(Pocso) റിമാന്‍ഡ് ചെയ്തിരുന്നു. അടുത്ത മാസം അഞ്ചു വരെയാണ് ഇവരുടെ കാലാവധി നീട്ടിയത്. പുനര്‍വിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാന്‍ഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് എസ്പി. നിശാന്തിനിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം തുടരന്വേഷണത്തിനുളള അപേക്ഷ കോടതിയില്‍ നല്‍കിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിട്ടുണ്ട്. പാലക്കാട് ക്രൈംബ്രാഞ്ച്(Crime Branch) എസ്പി എ.എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.
വാളയാറില്‍(walayar) പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ് പീഢനത്തിനിരയായി മരിച്ചത്. ഇരുവരെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരായിരുന്നു കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ പിന്നീട് ആത്മഹത്യ ചെയ്തു.