ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്. നോയിഡയില്‍ ജനുവരി 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, ഇത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ നിലപാട്. സിംഗു, തിക്രി, ഗാസിപൂര്‍ റോഡുകളില്‍ റാലി അനുവദിക്കാമെന്നും പൊലീസ് കര്‍ഷക നേതാക്കളെ അറിയിച്ചു. ഇക്കാര്യത്തില്‍ സമവായത്തിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് നേതാക്കള്‍ പൊലീസിന് ഉറപ്പ് നല്കി.
അതേസമയം, പുതിയ നിര്‍ദേശമുണ്ടെങ്കില്‍ അറിയിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷക സംഘടനകളുടെ യോഗം തുടരുകയാണ്. പഞ്ചാബിലെ കര്‍ഷക സംഘടനകളും സംയുക്ത കിസാന്‍ മോര്‍ച്ചയുമാണ് ചര്‍ച്ച ചെയ്യുന്നത്. കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷം വരെ സ്റ്റേ ചെയ്യാമെന്ന നിര്‍ദേശം സംഘടനകള്‍ നേരത്തെ തള്ളിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കര്‍ഷക നേതാക്കളെ വെടിവച്ചു കൊല്ലാന്‍ എത്തിയതെന്ന് ആരോപിച്ച് കര്‍ഷകര്‍ പിടിക്കൂടിയ ആളെ ഹരിയാന പൊലീസ് ചോദ്യം ചെയ്തു.