കൊൽക്കത്ത : പ്രമുഖ നഗരങ്ങളിലായി നാല് രാജ്യതലസ്ഥാനങ്ങള്‍ ഉണ്ടായിരിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഈ നാല് തലസ്ഥാനങ്ങളിലും മാറിമാറി നടക്കണമെന്നും മമത നിര്‍ദേശിച്ചു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124 ാം ജന്മദിനാഘോഷ സമ്മേളനത്തിലായിരുന്നു മമത പുതിയ നിര്‍ദേശംവച്ചത്.
ഇന്ത്യക്ക് നാല് തലസ്ഥാനങ്ങള്‍ ഉണ്ടായിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. കോല്‍ക്കത്തയില്‍ ഇരുന്നാണ് ഇംഗ്ലീഷുകാര്‍ രാജ്യം മുഴുവന്‍ ഭരിച്ചത്. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ എന്തുകൊണ്ട് ഡല്‍ഹിയില്‍ മാത്രം? ഡല്‍ഹിയിലുള്ള എല്ലാവരും പുറത്തുനിന്നും എത്തിയവരാണ്. ഊഴംവച്ച് പാര്‍ലമെന്റ് സമ്മേളനങ്ങള്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടത്തണം.
എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ കേരളത്തിലോ പാര്‍ലമെന്റിന്റെ ഒരു സമ്മേളനം നടത്തിക്കൂട. എന്തുകൊണ്ട് ഉത്തര്‍പ്രദേശിലോ പഞ്ചാബിലോ രാജസ്ഥാനിലോ മധ്യപ്രദേശിലോ നടത്തിക്കൂട? എന്തുകൊണ്ടാണ് ബീഹാറിലോ ഒഡീഷയിലോ ബംഗാളിലോ, കോല്‍ക്കത്തയിലോ പാടില്ല. എന്തുകൊണ്ടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിക്കൂട- മമത ചോദിച്ചു.
നിങ്ങള്‍ പുതിയ പാര്‍ലമെന്റ് നിര്‍മിക്കുന്നു. പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. എന്തുകൊണ്ടാണ് നേതാജിക്ക് സ്മാരകം നിര്‍മിക്കാത്തതെന്നും മമത ആരാഞ്ഞു