ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന് മുൻപായി കർഷക സമരം പരിഹരിക്കാനായി ഇന്ന് കേന്ദ്ര സർക്കാർ കർഷകരുമായി നിർണായക ചർച്ച നടത്തും. രണ്ട് മാസത്തോളമായി ഡൽഹി അതിർത്തിയിൽ സമാനതകളില്ലാത്ത പോരാട്ടം നടത്തുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തുന്ന 11-ാമത് ചർച്ചയാണിത്. ഡൽഹി വിഗ്യാൻ ഭവനിൽ ഉച്ചക്ക് ശേഷമാണ് ചർച്ച നടക്കുക. കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് സ്റ്റേ ചെയ്യാമെന്ന് കേന്ദ്രം മുന്നോട്ടിവെച്ച ഉപാധി ഇന്നലെ ചേർന്ന കർഷക സംഘടനകളുടെ യോഗം തള്ളിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിക്കുള്ളിൽ നടത്താൻ തീരുമാനിച്ച ട്രാക്ടർ പരേഡിൽ മാറ്റമില്ലെന്നും ഇവർ പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യത്തിൽ ഇന്നത്തെ ചർച്ചക്ക് വലിയ പ്രാധാന്യമാണുള്ളത്.
