ന്യൂഡല്‍ഹി : പ്രധാന് മന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ കൂടുതല്‍ വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി. കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ സാംഗ്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ 52-ാം യോഗത്തിലാണ് 1,68,606 പുതിയ വീടുകള്‍ കൂടി നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്. പ്രധാന് മന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഇതുവരെ 1.1 കോടി വീടുകള്‍ക്കാണ് അനുമതി ലഭിച്ചത്.
ചെലവ് കുറഞ്ഞ വാടക ഭവന സമുച്ചയ പദ്ധതി അതിവേഗം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും യോഗം ആവശ്യപ്പെട്ടു. രാജ്യത്ത് 70 ലക്ഷത്തിലേറെ വീടുകളുടെ നിര്‍മ്മാണം പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ഇത് കൂടാതെ 41 ലക്ഷത്തിലേറെ വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.
കോവിഡ് കാലത്ത് ചേരുന്ന രണ്ടാമത് സിഎസ്എംസി യോഗമാണ് ഇത്. രാജ്യം 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന 2022ഓടെ നഗര മേഖലകളിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ ഉറപ്പാക്കാനാണ് ഭവനനിര്‍മ്മാണ-നഗര കാര്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.