പി.സി ജോര്‍ജ് എംഎല്‍എയെ ശാസിക്കാന്‍ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് പി.സി ജോര്‍ജിനെ ശാസിക്കാന്‍ ശിപാര്‍ശ. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് പി.സി. ജോര്‍ജിനെതിരായ നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ ഏഴാം നമ്പർ റിപ്പോര്‍ട്ടായാണ് പി.സി. ജോര്‍ജിനെതിരായ പരാതി സഭയില്‍ വെച്ചത്.
വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന് അടക്കമുള്ളവരാണ് പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ എം.എല്‍.എ. പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം കമ്മിറ്റി പരിശോധിക്കുകയും എം.എല്‍.എ.യുടെ പരാമര്‍ശങ്ങള്‍ അതിരു കടന്നതാണെന്നും വിലയിരുത്തി. തുടര്‍ന്നാണ് എം.എല്‍.എ.യെ ശാസിക്കാന്‍ ശിപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.