ലൈഫ് മിഷൻ; വയനാട് ജില്ലയിൽ പൂർത്തീകരിച്ചത് 12,023 ഭനവങ്ങൾ

വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂർണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന് വഴി വയനാട് ജില്ലയില്‍ ഇതിനകം 12,023 ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പൊതുവിഭാഗത്തില്‍ 4953 വീടുകളും 6455 പട്ടികവര്‍ഗ വീടുകളും 615 പട്ടികജാതി വീടുകളുമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. മൂന്ന് ഘട്ടങ്ങളിലായി ലക്ഷ്യമിട്ട 13274 വീടുകളില്‍ 1251 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇവയില്‍ 460 വീടുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും 142 പട്ടികജാതിക്കാര്‍ക്കുമുള്ളവയാണ്.
ലൈഫ് പദ്ധതിയില്‍ സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജനുവരി 28 ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. ഇതിനോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും വിപുലമായ പരിപാടികള്‍ നടത്താന്‍ ഇത് സംബന്ധിച്ച് കലക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷത വഹിച്ചു.
എല്ലാ നഗരസഭകളിലും ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനങ്ങളിലും രാവിലെ 10 മണിക്ക് ഗുണഭോക്താക്കളുടെ സംഗമം നടത്തും. മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം കേള്‍ക്കാന്‍ അവസരമൊരുക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലൈഫ് ഗുണഭോക്താക്കളുടെ അപേക്ഷകളും പരാതികളും സ്വീകരിക്കുന്നതിനുള്ള അദാലത്തുകളും ഇതോടൊപ്പം നടത്താന്‍ യോഗം തീരുമാനിച്ചു. പദ്ധതിയില്‍ അവശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ജീവനോപാധികള്‍ കണ്ടെത്താന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനും ജില്ലാ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങളോട് അഭ്യര്‍ഥിച്ചു.
There are no comments at the moment, do you want to add one?
Write a comment