ന്യൂഡൽഹി : കര്‍ഷക സമരം ശക്തമായി മുന്നോട്ട് പോകുന്നതിനിടെ കര്‍ഷക സംഘടന നേതാവിന് നോട്ടീസ് നല്കി എന്‍ഐഎ. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്കാണ് നോട്ടീസ് നല്‍കിയത്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കര്‍ഷകരുമായി കേന്ദ്രം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിയമം പിന്‍വലിക്കുക എന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ച് നിന്നതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതിനുപിന്നാലെയാണ് ബല്‍ദേവ് സിംഗ് സിര്‍സയ്ക്ക് നോട്ടീസ് നല്‍കിയത്.
സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിനും കര്‍ഷക സംഘടനകള്‍ക്കും ഫണ്ട് കൈമാറിയവര്ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചിരിക്കുകയാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാവ് അഭിമന്യൂ കോഹര്‍ ‘ദ ക്വിന്റ്’ ഓണ്‍ലെെനിനോട് പറഞ്ഞു. ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടു വന്നതായും വിയോജിപ്പുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി കേന്ദ്രം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ് സ്വദേശികള്‍ക്കെതിരെയാണ് എന്‍.ഐ.എ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിനോദ യാത്ര ബസ് ഓപ്പറേറ്റര്‍, ചെറുകിട വ്യവസായികള്‍, കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. കൂടാതെ മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്‍.ജി.ഒകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ നിയമം പിന്‍വലിക്കും വരെ സമരപരിപാടികളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. റിപ്പബ്ലിക് ദിനത്തില്‍ സമാധാനപരമായി ട്രാക്ടര്‍ റാലി നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച.