ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ മരണം; ദുരൂഹത ഇല്ലെന്ന് ഡിസിപി

എറണാകുളം : എറണാകുളത്ത് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രേ. ന്യുമോണിയയാണ് മരണ കാരണം എന്നാണ് എന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ശിശുക്ഷേമ സമിതിക്ക് വീഴ്ചയില്ലെന്നും കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എറണാകുളം കാലടി സ്വദേശിനിയായ പെണ്‍കുട്ടി സ്വകാര്യ കെയര്‍ ഹോമില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
2019ല്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സംരക്ഷണം സിഡബ്ല്യൂസി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് സ്വകാര്യ കെയര്‍ ഹോമിലേക്ക് മാറ്റി. രണ്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ കാണുന്നതിന് ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും പെണ്‍കുട്ടിയുടെ മൃതദേഹവുമായി എത്തി കാക്കാനാട് ചില്‍ഡ്രന്‍സ് ഹോം ഉപരോധിച്ചു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന പൊലീസ് ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിന്‍വാങ്ങി. കുട്ടിയുടെ ബന്ധുവടക്കം പീഡന കേസില്‍ ആരോപണ വിധേയരായതോടെയാണ് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്തത്.
There are no comments at the moment, do you want to add one?
Write a comment