ഗോവധ നിരോധന നിയമം: കർണാടകയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന, സംരക്ഷണ നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ശ്രിങ്കേരി പോലീസ് സ്റ്റേഷന് പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്. ജനുവരി അഞ്ച് മുതലാണ് സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയതോടെ പ്രാബല്യത്തില്‍ വരുന്നത്. ബില്ല് നിയമമായതോടെ പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും അനധികൃതമായി കടത്താന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമായി.
ചിക്കമംഗളൂരു ജില്ലയിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ലീനറാണ് അറസ്റ്റിലായത്. അനധികൃതമായി കന്നുകാലികളെ കുത്തി നിറച്ച് കൊണ്ടുപോകുകയായിരുന്ന വാഹനത്തേയും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു. കന്നുകാലികളെ സുരക്ഷിത സ്ഥലത്ത് എത്തിച്ചെന്നും പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 35 ഓളം കന്നുകാലികളെ ദാവനഗരെ ജില്ലയിലെ റാണെബെന്നൂരില്‍ നിന്ന് ചിക്കമംഗളൂരു വഴി മംഗളൂരുവിലേക്ക് അനധികൃതമായി കടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തിയത് കൈമന ഗ്രാമത്തിലാണ്. അനധികൃതമായി കന്നുകാലികളെ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു കൂട്ടം ആളുകള്‍ ഡ്രൈവറെ ആക്രമിച്ചു. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. ചിക്കമംഗളൂരു ജില്ലയിലെ ശ്രിങ്കേരി പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ട് പേര്‍ക്കെതിരേയും പോലീസ് ഗോവധ നിരോധന നയമ പ്രകാരം കേസെടുത്തു. 3 വര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവും, 50,000 മുതല്‍ 5 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. വീണ്ടും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വര്‍ഷം വരെ തടവും ലഭിക്കും.
There are no comments at the moment, do you want to add one?
Write a comment