കോടതി വിധിയിൽ തൃപ്തരല്ല; സമരം തുടരുമെന്ന് കർഷകർ

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യാനും വിഷയം പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാനുമുള്ള സുപ്രീം കോടതിയുടെ തീരുമാനമുണ്ടായ സഹചര്യത്തില്‍ അടുത്ത നടപടികള്‍ തീരുമാനിക്കാന്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ യോഗം ചേരും. നാളെ സിംഗുവിലാണ് സംഘടനകള്‍ യോഗം ചേരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയും സമരം തുടരാന്‍ തന്നെ സാധ്യത.
ഇത് കോടതിയുടെ വിഷയമല്ല എന്നാണ് ഭൂരിഭാഗം കര്‍ഷകരും പറയുന്നത്. കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് സൂചിപ്പിച്ച് കര്‍ഷകര്‍ രംഗത്തെത്തുകയും ചെയ്തു. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്. നിയമങ്ങള്‍ സ്റ്റേ ചെയ്തതോടെ സര്‍ക്കാര്‍ നിലപാടിലെ പൊള്ളത്തരം പുറത്തായെന്നും അവര്‍ വ്യക്തമാക്കി.
നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. സുപ്രീം കോടതി രൂപവത്കരിക്കുന്ന സമിതിക്കു മുമ്ബില്‍ ഹാജരാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. റിപ്പബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
നിയമങ്ങള്‍ പരിശോധിക്കാന്‍ നാലംഗ വിദഗ്ധസമിതി രൂപീകരിക്കുകയാണ് കോടതി ചെയ്തത്. കാര്‍ഷിക-സാമ്ബത്തിക വിദഗ്ധരായ ഹര്‍സിമ്രത് മാന്‍, അശോക് ഗുലാത്തി, പ്രമോദ് ജോഷി, അനില്‍ ധനാവത് എന്നിവരാണ് സമിതിയില്‍. കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായും സമിതി ചര്‍ച്ച നടത്തും. സമിതിയോട് സഹകരിക്കില്ലെന്ന് കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ നിലപാടെടുത്തു. എന്നാല്‍ സമിതിയുമായി സഹകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്ന് കോടതി പ്രതികരിച്ചു. തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment