വയനാട് / മാനന്തവാടി: കുറുക്കന്മൂല കോളനിയിലെ ആദിവാസി സ്ത്രീ ശോഭയുടെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ശോഭയുടെ അമ്മയുടെ പരാതി പ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് . ശോഭയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും, കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് ശോഭയുടെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നുവരവേ ചില സംഘടനയില്‍ പെട്ട ആളുകള്‍ ശോഭയുടെ കേസ് നടത്തിപ്പിന്റെ ആവശ്യത്തിലേക്കായി പണ പിരിവ് നടത്തുന്നതായി പോലീസ് അറിയിച്ചു. ഇത്തരത്തില്‍ പണപ്പിരിവ് നടത്താന്‍ കോളനി നിവാസികളെ ഉപയോഗിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണപ്പിരിവ് നടത്തി മാവോയിസ്റ്റ് പോലുള്ള നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് പണം എത്തിച്ച് കൊടുക്കുന്നതായും നാട്ടുകാരില്‍ ചിലര്‍ സംശയിക്കുന്നു.
മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില സംഘടനകളാണ് പ്രദേശത്ത് നിന്നും, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വവും ഭീഷണിപ്പെടുത്തിയും പണപ്പിരിവ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. മാനന്തവാടി പോലീസ് പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു . പോരാട്ടം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പഴയവീട്ടില്‍ പാപ്പച്ചന്റെ മകന് ഷാന്റോ ലാലിന് എതിരെയാണ് പരാതി ലഭിച്ചത്. ഇപ്രകാരം ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തുകയും, ആദിവാസികളെ നിരോധിത സംഘടനകളില്‍ ചേര്‍ക്കുന്നതിനുള്ള മുന്നോടിയായി മറ്റുചില സംഘടനകളും ശോഭയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തുന്നതായും ആദിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നതായും നാട്ടുകാര്‍ക്കിടയില്‍ ആശങ്കയുണ്ട്.
ഇത്തരത്തില്‍ ഉള്ള പണപ്പിരിവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി പോലീസില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.