കൊച്ചി: തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചെങ്കിലും അതിനുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് തിയറ്റര്‍ ഉടമ ജിജി അഞ്ചാനി. വൈദ്യുതി കുടിശികയും സമയക്രമത്തിലെ നിയന്ത്രണവും തിയറ്റര്‍ തുറക്കുന്നതിന് തടസമാവുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബറിലാണ് തന്റെ ഉടമസ്ഥതയില്‍ പള്ളിക്കത്തോട് പുതിയ തിയറ്ററുകള്‍ തുറന്നത്. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചില്‍ തിയറ്ററുകള്‍ അടച്ചിട്ടു. ഇപ്പോള്‍ അഞ്ചര ലക്ഷത്തിലേറെ രൂപയാണ് വൈദ്യുതി കുടിശികയായി മാത്രം ഉള്ളത്. ഈ തുക അടച്ചില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് അറിയിച്ച് കെഎസ്ഇബിയില്‍ നിന്ന് നോട്ടീസും അയച്ചു.
മാസങ്ങളായി തിയറ്ററുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. കോടികളുടെ കുടിശികയാണ് പല തിയറ്റര്‍ ഉടമകള്‍ക്കുമുള്ളത്. സര്‍ക്കാരിനെ വിശ്വസിച്ച് ഈ രംഗത്ത് നിക്ഷേപം നടത്തിയ യുവസംരംഭകരും ഏറെ പ്രതിസന്ധിയിലാണ്. 18 ശതമാനം ജിഎസ്ടി അടയ്ക്കുന്ന സാഹചര്യത്തില്‍ പ്രത്യേക വിനോദ നികുതി ഒഴിവാക്കാനും സര്‍ക്കാര്‍ തയാറാവണം. കേരളത്തില്‍ മാത്രമാണ് ജിഎസ്ടിക്ക് പുറമെ വിനോദ നികുതിയും ഈടാക്കുന്നത്.
രാത്രി ഒൻപതിന് തിയേറ്ററുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ല. സെക്കന്‍ഡ് ഷോയ്ക്കാണ് ഏറ്റവും കൂടുതല്‍ പേര് തിയറ്ററുകളിലെത്തുന്നത്. അൻപത് ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കാമെന്ന നിര്‍ദേശമുള്ളപ്പോള്‍ 9ന് മുൻപ് തിയറ്ററുകള്‍ അടച്ചിടുന്നത് കൂടുതല്‍ നഷ്ടത്തിലാക്കും. ഇക്കാര്യങ്ങളില്‍ സര്‍ക്കാരും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്ത പക്ഷം തിയറ്ററുടമകള്‍ ആത്മഹത്യ വക്കിലാവുമെന്നും ജിജി അഞ്ചാനി പറഞ്ഞു