നിയമപരമല്ലാതെ ഭൂമി വേണ്ട; ബോബി ചെമ്മണ്ണൂർ വാങ്ങിനൽകുന്ന ഭൂമി വേണ്ടെന്ന് നെയ്യാറ്റിൻകരയിലെ രാജന്റെ ഇളയ മകൻ

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂര്‍ വാങ്ങിനല്‍കുന്ന ഭൂമി സ്വീകരിക്കില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യചെയ്ത രാജന്- അമ്പിളി ദമ്പതികളുടെ ഇളയമകന് രഞ്ജിത്ത്. ബോബി ചെമ്മണ്ണൂരിനോട് നന്ദിയുണ്ടെന്നും, എന്നാല്‍ നിയമപരമല്ലാതെ ഭൂമി വേണ്ട എന്നുമാണ് രഞ്ജിത്ത് വ്യക്തമാക്കുന്നത്. നിയമപരമായി വസന്തയുടെ ഭൂമിയല്ല, പിന്നെ എങ്ങനെയാണ് വസന്തക്ക് അത് ബോബി ചെമ്മണ്ണൂരിന് വാങ്ങാനാകുക എന്ന ചോദ്യവും രഞ്ചിത്ത് ഉന്നയിക്കുന്നു. നിയമപരമായി സര്‍ക്കാര്‍ തരികയാണെങ്കില്‍ ഭൂമി വാങ്ങുമെന്നാണ് കുട്ടിയുടെ നിലപാട്. വസന്തക്ക് പണം നല്കിയ ശേഷം ഒപ്പിട്ട് വാങ്ങിയ രേഖകള്‍ ഇന്ന് വൈകിട്ട് കുട്ടികള്‍ക്ക് ബോബി കൈമാറാന്‍ ഇരിക്കെയാണ് രഞ്ജിത്തിന്റെ പ്രതികരണം.
നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വില കൊടുത്തു വാങ്ങിയെന്ന് അവകാശപ്പെട്ടാണ് ജുവല്ലറി ഉടമ ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്കഭൂമിയുടെ ഉടമയെന്ന് അവകാശപ്പെട്ട രംഗത്തെത്തിയ വസന്തയില്‍ നിന്നാണ് ബോബി ഭൂമി വാങ്ങിയത്. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള്‍ രാജന്റെയും അമ്ബിളിയുടെയും കുട്ടികള്‍ക്ക് ബോബി ചെമ്മണ്ണൂര്‍ കൈമാറുമെന്നും അവകാശപ്പെട്ടു.
വാങ്ങിയ സ്ഥലത്ത് പുതിയ വീട് ബോബി ചെമ്മണ്ണൂര്‍ നിര്‍മ്മിച്ചു നല്‍കുമെന്നും, ഒപ്പം വീടിന്റെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങള്‍ക്ക് വേണം. ഇവിടെ തന്നെ ഞങ്ങള്‍ക്ക് വീട് വച്ചുതന്നാല് മതിയെന്നാണ് കുട്ടികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ സ്ഥലത്തിന്റെ ഉടമയെന്ന് അവകാശപ്പെട്ട വസന്ത താന്‍ ഭൂമി വിട്ടു നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഭൂമിയുടെ പട്ടയം ആരുടെ പേരിലെന്ന് പരിശോധിക്കാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. ഇതിനിടെയാണ് ഭൂമി വസന്തയില്‍ നിന്നും പണം നല്കി വാങ്ങി ബോബി കുട്ടികള്‍ക്ക് കൈമാറാന്‍ ഒരുങ്ങിയത്.
നേരത്തെ 10 ലക്ഷം നല്കി സര്‍ക്കാര്‍ ഇവരോട് കനിവു കാട്ടിയിരുന്നു. കൂടാതെ 5 ലക്ഷം രൂപ നല്കി യൂത്ത് കോണ്‍ഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. എന്നാല്‍ ആ മണ്ണിന്മേലുള്ള തകര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് വസന്തയോട് ബോബി ഭൂമി വില കൊടുത്തു വാങ്ങിയത്. ‘തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികള്‍ക്ക് ആ മണ്ണ് വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
അങ്ങനെ ഞാന്‍ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഞാന്‍ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഇന്ന് തന്നെ കുട്ടികള്‍ക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാന്‍ തൃശൂര്‍ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂര്‍ത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും.’ ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നിയമക്കരുക്കില്‍ കിടക്കുന്ന ഭൂമി എങ്ങനെ ബോബി വാങ്ങിയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത കൈവരാനുണ്ട്. ഈ ഭൂമിയിലെ അവകാശതര്‍ക്കം നിയമ കുരുക്കില്‍ തന്നെ കിടക്കുകയാണ്. മാത്രവുമല്ല, വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. പോങ്ങില്‍ കോളനിയില്‍ പൊലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖയാണ് നേരത്തെ പുറത്തുവന്നത്.
സര്‍ക്കാര്‍ കോളനികളില്‍ 12 സെന്റ് ഭൂമി ഒരാള്‍ക്കു മാത്രമായി പതിച്ചു നല്കാന് സാധ്യതയില്ലെന്നു നിയമവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. അതിയന്നൂര്‍ വില്ലേജില്‍ (ബ്ലോക്ക് നമ്ബര്‍ 21) 852/16, 852/17, 852/18 എന്നീ റീസര്‍വേ നമ്ബറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാല്‍ ഈ ഭൂമി എസ്.സുകുമാരന്‍ നായര്‍, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. സര്‍ക്കാര്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്കു പട്ടയം നല്കുമ്ബോള് പരമാവധി 2, 3, 4 സെന്റുകള്‍ വീതമാണു നല്‍കുന്നത്. ഇവ നിശ്ചിത വര്‍ഷത്തേക്കു കൈമാറ്റം ചെയ്യാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാന്‍ കലക്ടര്‍ നവ്ജ്യോത് ഖോസ തഹസില്‍ദാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.
There are no comments at the moment, do you want to add one?
Write a comment