ഡ്രോണുമായി കേരളാ പോലീസ് വീണ്ടും വരുന്നു; ഇത്തവണ പുതുവത്സരാഘോഷങ്ങൾക്ക് വിലങ്ങിടാൻ

തിരുവനന്തപുരം: പുതുവത്സരാഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. പുതുവത്സരപ്പിറവിയോടനുബന്ധിച്ച് ജനക്കൂട്ടവും ആഘോഷങ്ങളും ഡിസംബര്‍ 31 ന് രാത്രി 10 മണിക്ക് ശേഷം ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പുവരുത്തും. പ്രധാനകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിന് ഡ്രോണ്‍ നിരീക്ഷണവും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശബ്ദകോലാഹലങ്ങള്‍ തടയുന്നതിനും നടപടി സ്വീകരിക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പോലീസ് പട്രോള്‍ സംവിധാനങ്ങള്‍ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളിലും മറ്റും കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തികള്‍, തീരപ്രദേശങ്ങള്‍, ട്രെയിനുകള്‍ എന്നിവിടങ്ങളില്‍ ലഹരികടത്ത് തടയാനായി പ്രത്യേക പരിശോധന നടത്തും. മദ്യപിച്ചുള്ള ഡ്രൈവിങ്, അമിതവേഗം എന്നിവ കണ്ടെത്തുന്നതിനും പ്രധാനകേന്ദ്രങ്ങളില്‍ പരിശോധനയുണ്ടാകും. ആവശ്യമുള്ള സ്ഥലങ്ങളില്‍ വനിതാ പോലീസിനേയും നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും പൊതുസ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകും. ജനുവരി ഒന്നിന് രാത്രി പത്തുമണി വരെ പോലീസ് ജാഗ്രത തുടരും.
നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിയമലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീടുകളിലും മറ്റും നടക്കുന്ന ആഘോഷപരിപാടികളില്‍ അനാവശ്യമായി ഇടപെടാന്‍ പാടില്ലെന്നും പൊതുജനങ്ങളോടുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്കി.
There are no comments at the moment, do you want to add one?
Write a comment