കൊട്ടാരക്കര: കുട്ടികളുടെ അടക്കം നഗ്ന വീഡിയോകളും ചിത്രങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു വന്നവർക്കെതിരായി വ്യാപകമായ റെയ്ഡ് കൊല്ലം റൂറൽ ജില്ലയിൽ സംഘടിപ്പിച്ചു. 19 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിന് ഒടുവിൽ 15 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചു. 12 പേർക്കെതിരെ 102 സി ആർ പി സി പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുകയും ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു. കുണ്ടറ മുളവന കോട്ടപ്പുറം ബേത് സെയ്ദിൽ നെൽസൺ മകൻ 24 വയസുള്ള നിവിൻ തോമസ്, കരീപ്ര വാക്കനാട് പോസ്റ്റ് ഓഫീസിന് എതിർവശം ഇലയം ചേരിയിൽ ബിജു ഭവനത്തിൽ ശശിധരൻനായർ മകൻ 44 വയസുള്ള ബിജുവിനെയും കൊട്ടാരക്കര ഉമ്മന്നൂർ ഹെബ്രോൺ ഹൗസിൽ ബിജു മകൻ 23 വയസുള്ള ജോഹനെതിരെയും ഐടി ആക്ട് പ്രകാരവും പോക്സോ നിയമപ്രകാരവും സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നതിനെ തിരെയുള്ള സ്ത്രീ സുരക്ഷാ നിയമ പ്രകാരവും കേസുകൾ രജിസ്റ്റർ ചെയ്യുകയും പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു. കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിന് ജില്ലാ പോലീസ് മേധാവി നേതൃത്വം നൽകി. ഫെയിസ്ബുക്ക്, വാട്ട്സ് ആപ്പ് , ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയാ ആപ്ളിക്കേഷൻ വഴിയാണ് ഇവർ കുറ്റകൃത്യം നടത്തിയത്. തുടർന്നും ഇത്തരത്തിലുള്ള റെയ്ഡുകൾ വ്യാപകമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ ഐപിഎസ് അറിയിച്ചു
