വാഗമൺ റിസോർട്ടിലെ നിശാപാർട്ടി; ലഹരി മരുന്ന് എത്തിച്ചത് തൊടുപുഴ സ്വദേശി

തൊടുപുഴ: വാഗമണ്ണില്‍ സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ സ്ത്രീകളടക്കം അറുപതോളം പേര് പങ്കെടുത്ത ലഹരി നിശാ പാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറൂഖ് സ്വദേശി സല്‍മാനും. ഇതില്‍ സല്‍മാന്റെ കൈയില്‍ നിന്ന് 1,60,000 രൂപ പോലീസ് കണ്ടെടുത്തിരുന്നു. പാര്‍ട്ടിയ്ക്ക് ആവശ്യമായ ലഹരിയില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മല്‍ സഹീറാണെന്ന് പോലീസ് കണ്ടെത്തി.
അജ്മല്‍ തൊടുപുഴ ജ്യോതി സൂപ്പര്‍ ബസാറില്‍ എജ്യൂ വേള്‍ഡ് എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ വിദേശത്തേക്ക് കയറ്റി വിടുന്ന സ്ഥാപനം നടത്തി വരികയാണ്. ആഡംബര വാഹനങ്ങളിലാണ് പ്രതി ഓഫീസില്‍ എത്താറുണ്ടായിരുന്നതെന്നും ഈ വാഹനങ്ങളില്‍ മയക്കുമരുന്ന് കടത്ത് നടന്നിരുന്നതായും ആക്ഷേപം ഉണ്ട്. പിടിച്ചെടുത്തതില്‍ 27 എല്‍എസ്ഡി സ്റ്റാമ്പുകളുണ്ടായിരുന്നു. ഇത്രയധികം ലഹരിവസ്തുക്കള്‍ നല്‍കിയത് ആരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതറിയണമെങ്കില്‍ പ്രതികളെ ചോദ്യം ചെയ്യണം. റിമാന്‍ഡിലുള്ള പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. നിശാലഹരി പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഇടുക്കി അഡീഷണല്‍ എസ്.പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് എല്‍എസ്ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തത്.
ഒരു സ്ത്രീയടക്കം ഒൻപത് പേരാണ് അറസ്റ്റിലായത്. കേസില്‍ പ്രതികളായ എട്ട് യുവാക്കള്‍ തൊടുപുഴയിലെ സെന്ററില്‍ നിരീക്ഷണത്തിലാണ്. സ്ത്രീയുടെ പക്കല്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. 24 സ്ത്രീകളടക്കം 61 പേരാണ് നിശാപാര്‍ട്ടിക്ക് ഇവിടെയെത്തിയത്. പ്രതിയായ യുവതിയെ വീയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. മറ്റുള്ളവരെ വിവരങ്ങള്‍ ശേഖരിച്ച ശേഷം തിങ്കളാഴ്ച തന്നെ വിട്ടയച്ചു.
There are no comments at the moment, do you want to add one?
Write a comment