പട്ടാമ്പി : പട്ടാമ്പി ജോയന്റ് ആർ.ടി.ഒ. ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജീവനക്കാരിൽനിന്ന് കണക്കിൽപ്പെടാത്ത 3,400 രൂപ കണ്ടെടുത്തു.വിതരണംചെയ്യാതെ കെട്ടിക്കിടക്കുന്ന 85 ഡ്രൈവിങ് ലൈസൻസുകളും 466-ഓളം വാഹനങ്ങളുടെ ആർ.സി.കളും കണ്ടെത്തി.
വെള്ളിയാഴ്ച വൈകീട്ട് 4.50-ഓടെയാണ് സംഭവം. ഓഫീസിനകത്തും പുറത്തും പത്തിലേറെ ഇടനിലക്കാരുടെ സാന്നിധ്യമുള്ളതിനാൽ ഗുണഭോക്താക്കൾക്ക് യാതൊരു സേവനവും കിട്ടാത്ത സ്ഥിതിയാണ്. എല്ലാകാര്യങ്ങളും ഏജന്റുമാർ വഴി മാത്രമേ നടക്കുന്നുള്ളൂവെന്നും വ്യക്തമായതായും ബന്ധപ്പെട്ട ജീവനക്കാർക്കെതിരേ നടപടിയെടുക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും വിജിലൻസധികൃതർ പറഞ്ഞു.
വിജിലൻസ് ഇൻസ്പെക്ടർ പി.എസ്. സുനിൽകുമാർ, ജില്ലാ ലേബർ ഓഫീസർ എം.കെ. രാമകൃഷ്ണൻ, വിജിലൻസ് എസ്.ഐ.മാരായ മുഹമ്മദ് റഫീക്ക്, ബി. സുരേന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സതീഷ്, പി.ആർ. രമേഷ്, കലേഷ്, വനിതാ എസ്.ഐ. പി.ഒ സുജയ്യ, എ.എസ്.ഐ. സലീം എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പട്ടാന്പി ആർ.ടി.ഒ. ഓഫീസുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന