അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഡേ-നേറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് 191 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ആര്.അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ടു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ഓസീസിനെ പിടിച്ചുകെട്ടിയത്.
73 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ടിം പെയിനാണ് ഓസീസിന്റെ ടോപ്പ് സ്കോറര്‍. മാര്‍നസ് ലബുഷെയ്ന് 47 റണ്‍സ് നേടി. മറ്റാര്‍ക്കും തിളങ്ങാനായില്ല.

രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. നാല് റണ്‍സ് നേടിയ ഷായെ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. രണ്ടാം ഇന്നിംഗ്സില്‍ ഒന്‍പത് റണ്‍സ് നേടിയ ഇന്ത്യയ്ക്ക് നിലവില്‍ 62 റണ്‍സ് ലീഡുണ്ട്. അഞ്ച് റണ്‍സ് നേടിയ മായങ്ക് അഗര്‍വാളിനൊപ്പം നൈറ്റ് വാച്ച്മാന് ജസ്പ്രീത് ബുംറയാണ് ക്രീസില്‍

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 244 റണ്‍സില്‍ അവസാനിച്ചിരുന്നു. 233/6 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ വാലറ്റത്തെ നാല് വിക്കറ്റുകള്‍ നഷ്ടമായി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.
