പത്തനംതിട്ട: ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തില്‍ മുന്തിയ പരിഗണന നല്‍കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്. തിരുമേനി പറഞ്ഞു. മണ്ഡല പൂജാ ഉത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് സന്നിധാനത്തെത്തിയതായിരുന്നു കമ്മീഷണര്‍. കോവിഡ് സുരക്ഷയുടെ ഭാഗമായി മണ്ഡലപൂജയ്ക്ക് ശേഷം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ ഭക്തരെയും ജീവനക്കാരെയും മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളുടെ എണ്ണം ഈ വര്‍ഷത്തെ തീര്‍ഥാടനകാലത്ത് പരിമിതപ്പെടുത്തിയിരുന്നു. മണ്ഡലകാലത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഭക്തരുടെ എണ്ണം പ്രവൃത്തി ദിവസങ്ങളില്‍ ആയിരവും ആഴ്ച അവസാനം രണ്ടായിരവുമെന്ന നിലയിലായിരുന്നു ക്രമീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജീവനക്കാരുടേയും ഒത്തൊരുമിച്ചുള്ള സേവനത്തിന്റെ ഫലമായി തടസങ്ങളില്ലാതെയാണ് ദര്‍ശനം ഉള്‍പ്പെടെയുള്ളവ മുന്നോട്ട് പോയത്. ഇതേ തുടര്‍ന്ന് രണ്ടായിരവും മൂവായിരവും എന്ന നിലയിലേക്ക് ഭക്തരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് വഴി മാത്രമാണ് ദര്‍ശനാനുമതി നല്‍കുന്നത്. ഇത്തരത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് വിപുലമായ സൗകര്യം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.