തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാരക്കാമണ്ഡപത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. അപകടമുണ്ടാക്കിയ ടിപ്പർ ലോറിയെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചു. കരമന- കളിയിക്കാവിള ദേശീയപാതയിൽ ഇന്നലെ വൈകുന്നേരമാണ് എസ്.വി പ്രദീപ്കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് അപകടമുണ്ടാവുന്നത്.
അപടമുണ്ടാക്കിയ വാഹനത്തെക്കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വാഹനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ട്രാഫിക് സിഗ്നലുകളിലുള്ള ക്യാമറകളടക്കം പരിശോധിക്കുന്നുണ്ട്. ഇതിനു പുറമേ സമീപത്തെ കടകളിലെയും വീടുകളിലെയും സിസിടിവി ക്യാമറകൾ കൂടി പരിശോധിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
എസ്.വി പ്രദീപ് കുമാറിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രദീപിന് നേരെ ചില ഭീഷണികൾ വന്നിരുന്നതായും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.