ന്യൂഡൽഹി : കേന്ദ്ര നിയമങ്ങൾക്കെതിരായ കർഷക സമരം നിർണായക ഘട്ടത്തിലേക്ക്. കർഷക നേതാക്കളുടെ ഏകദിന നിരാഹാര സമരം ഉൾപ്പെടെ ഇന്നു മുതൽ പ്രക്ഷോഭം കൂടുതൽ രൂക്ഷമാകും. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ഇന്നു നടക്കുന്ന നിരാഹാര സമരത്തോടെ കർഷക സമരത്തിന്റെ മുന്നണിപ്പോരാളികളായി മാറാനുള്ള നീക്കത്തിലാണ് ഡൽഹിയിലെ ഭരണകക്ഷിയായ എഎപി. ഡൽഹിയുടെ അതിർത്തികളിലെ സമരകേന്ദ്രങ്ങളിൽ കർഷക നേതാക്കൾ ഉപവാസമിരിക്കുമ്പോൾ രാജ്യമെമ്പാടും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും.
സമരത്തിനു ഡൽഹിയിലേക്ക് എത്തുന്ന കർഷകരെ പൊലീസ് തടയുകയാണെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. ഇന്നലെ രാജസ്ഥാനിൽ നിന്നു ഡൽഹിയിലേക്ക് പുറപ്പെട്ട സമരക്കാരെ ഹരിയാന- രാജസ്ഥാൻ അതിർത്തിയിൽ തന്നെ തടഞ്ഞത് ഇതിനു തെളിവാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
സമരം പൊളിക്കാൻ ചില സംഘടനകളെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാർ ഗൂഢതന്ത്രങ്ങൾ നടപ്പാക്കുകയാണെന്ന് കർഷക നേതാവ് ഗുർണാം സിങ് ആരോപിച്ചു. ഇത്തരം സംഘടനകൾ സമരമുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കർഷക സംഘടനകൾ നിലപാടു കടുപ്പിച്ചതോടെ കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. സംസ്ഥാന പൊലീസിനെ കൂടാതെ അർധസൈനിക വിഭാഗങ്ങളെയും ദ്രുതകർമ സേനയെയും അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പല സ്ഥലത്തും കോൺക്രീറ്റ് ബാരിക്കേഡുകൾ നിരത്തുകയും ചെയ്തു. കർഷകർ കൂട്ടമായി ഡൽഹി അതിർത്തിയിലേക്ക് എത്തുന്നത് തടയാനുള്ള നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.
ജാമിയ വിദ്യാർഥിനികളെ തിരിച്ചയച്ച് കർഷകർ
ന്യൂഡൽഹി : കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ ജാമിയ സർവകലാശാല വിദ്യാർഥികളെ സമരക്കാർ തന്നെ മടക്കിയയച്ചു. ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെ ഗാസിപുരിലുള്ള സമരകേന്ദ്രത്തിലാണ് ജാമിയയിലെ 5 പെൺകുട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. എന്നാൽ ഇവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായി സമരക്കാരിൽ ഒരാളായ അർജുൻ പറഞ്ഞു.
കർഷകർ വിദ്യാർഥികളുടെ സാന്നിധ്യത്തെ എതിർത്തത് നേരിയ ബഹളം സൃഷ്ടിച്ചെങ്കിലും പൊലീസ് ഇടപെട്ടതോടെ സ്ഥിതി ശാന്തമായി. ഇതിനു പിന്നാലെ വിദ്യാർഥികൾ സമരകേന്ദ്രത്തിൽ നിന്നു മടങ്ങി. സമരത്തിൽ മറ്റു തരത്തിലുള്ള ഇടപെടലുകൾ വേണ്ടെന്ന നിലപാടു കാരണമാണ് വിദ്യാർഥികളെ തിരിച്ചയച്ചതെന്ന് കർഷകർ വ്യക്തമാക്കി.