ചെന്നൈ : പ്രശസ്ത സിനിമ കലാസംവിധായകന്‍ പി കൃഷ്ണമൂര്‍ത്തി (77 ) അന്തരിച്ചു. സംസ്കാരം ചെന്നൈ മാടപ്പോക്കത്തു നടക്കും.
സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്, രാജശില്പി, പരിണയം, ഗസല്‍, കുലം, വചനം, ഒളിയമ്പുകൾ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളില്‍ കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്കാരങ്ങള്‍ നേടിയ കലാകാരനാണ്. അഞ്ചു തവണ കേരള സ്റ്റേറ്റ് അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിന് പുറമെ കലൈമാമണി പുരസ്കാവും ലഭിച്ചിട്ടുണ്ട്.
കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ തിളങ്ങി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 50-ല്‍പ്പരം ചിത്രങ്ങള്‍ക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിര്‍വഹിച്ചു.
തഞ്ചാവൂരിനടുത്ത പൂംപുഹാറാണ് കൃഷ്ണമൂര്‍ത്തിയുടെ ജന്മനാട്. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് സ്വര്‍ണമെഡലോടെ വിജയിച്ച അദ്ദേഹം ജി വി അയ്യരുടെ ‘ഹംസഗീത’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാവുന്നത്. ലെനില്‍ രാജേന്ദ്രന്റെ ‘സ്വാതിതിരുനാള്‍’ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തി മലയാളത്തില്‍ എത്തിയത്. ജ്ഞാനരാജശേഖരന്‍ സംവിധാനംചെയ്ത ‘രാമാനുജന്’ എന്ന ചിത്രത്തിലാണ് കൃഷ്ണമൂര്‍ത്തി ഒടുവില്‍ പ്രവര്‍ത്തിച്ചത്.കൃഷ്ണമൂര്‍ത്തിയ്ക്ക് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.