ന്യൂഡൽഹി : കര്‍ഷക പ്രക്ഷോഭത്തില്‍ ദേശവിരുദ്ധ ശക്തികളുണ്ടെന്ന കേന്ദ്രമന്ത്രിമാരുടെ ആരോപണം തള്ളി കര്‍ഷക സംഘടനകള്‍. നിരോധിത സംഘടനകളിലെ ആരെയും പ്രക്ഷോഭ സ്ഥലത്ത് കണ്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചു.
ദേശവിരുദ്ധ ശക്തികള്‍ കര്‍ഷക പ്രക്ഷോഭം ഹൈജാക്ക് ചെയ്തു എന്ന ആരോപണം രവിശങ്കര്‍ പ്രസാദ് അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ആരോപണം കര്‍ഷക സംഘടനകള്‍ തള്ളി. നിരോധിക്കപ്പെട്ട സംഘടനകളില്‍പ്പെട്ടവരെ പ്രക്ഷോഭ സ്ഥലത്ത് കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരെ പിടികൂടണം. അത്തരത്തില്‍പ്പെട്ടവരെ ഇതുവരെ സമരസ്ഥലത്ത് കണ്ടിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.
അതേസമയം, രാജസ്ഥാനില്‍ നിന്നും ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍ അടക്കം കേന്ദ്രസേനയുടെയും പൊലീസിന്റെയും വിന്യാസം വര്‍ധിപ്പിച്ചു. കര്‍ണാല്‍ ദേശീയപാതയിലെ ബസ്താര ടോള്‍ പ്ലാസ കര്‍ഷകര്‍ അടച്ചുപൂട്ടി. അംബാല ശംഭു അതിര്‍ത്തിയിലെ ടോള്‍ പ്ലാസ പിടിച്ചെടുത്തു ജനങ്ങള്‍ക്ക് സൗജന്യയാത്രയ്ക്ക് തുറന്നു കൊടുത്തു.