അനുമതി ലഭിച്ചാലുടൻ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്സിന് വിതരണത്തിനൊരുങ്ങി രാജ്യം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസറും അസ്ട്രസെനകയും ഡ്രഗ് കണ്ട്രോളര് ജനറലിനും അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. ഡ്രഗ് കണ്ട്രോളര് ജനറലിന്റെയും ശാസ്ത്രജ്ഞരുടെയും അനുമതി ലഭിച്ചാലുടന്‍ ആദ്യഘട്ട വാക്സിന് വിതരണം ആരംഭിക്കും. ആദ്യഘട്ടത്തില്‍ വാക്സിന് ലഭിക്കുന്നത് പ്രാഥമിക പട്ടികയിലുളള മുപ്പതു കോടിയോളം ജനങ്ങള്‍ക്കായിരിക്കും.
സര്‍ക്കാര്‍-സ്വകാര്യ ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ ഡേറ്റകള്‍ ശേഖരിക്കുന്നത്. ഇത് കോ-വിന് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അപ് ലോഡ്ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. നാഷണല്‍ എക്സ്പര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്സിന് അഡ്മിനിസട്രേഷന്‍ ഫോര്‍ കോവിഡ് (എന്‍.ഇ.ജി.വി.എ.സി)യുടെ കീഴില്‍ സംസ്ഥാനങ്ങള്‍ വാക്സിന് വിതരണത്തിന് നേതൃത്വം നല്‍കും.
ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സായുധസേനാംഗങ്ങള്‍, ഹോം ഗാര്‍ഡ്സ്, മുനിസിപ്പല്‍ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെയുളള രണ്ടു കോടിയോളം വരുന്ന മുന്നണിപ്പോരാളികള്‍. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 27 കോടി പേര്. ഇവരില്‍ അമ്പതു വയസ്സിന് മുകളിലുളളവരും രോഗികളായ അമ്ബതു വയസ്സിന് താഴെയുളളവരും ഉള്‍പ്പെടും. സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റികളുടെ സഹായത്തോടെയാകും സംസ്ഥാനങ്ങള്‍ വിതരണം നടപ്പാക്കുക.
ജില്ലാ തലത്തില്‍ ജില്ലാ കളക്ടറായിരിക്കും ഇതിന് മേല്‍നോട്ടം വഹിക്കുക. ജില്ലാതല കണ്ട്രോള് റൂമുകളും സ്ഥാപിക്കേണ്ടതുണ്ട്. വാക്സിന് ശേഖരിച്ച് സൂക്ഷിക്കുന്നതിനായി നിലവില്‍ 28,947 കോള്‍ഡ് ചെയിന്‍ പോയിന്റുകളാണ് രാജ്യത്തുളളത്. ഒമ്പതോളം വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണത്തിനായി ഒരുങ്ങുന്നത്. ഇതില്‍ ഫൈസറും കോവിഷീല്‍ഡും കോവാക്സിനും അടിയന്തര ഉപയോഗത്തിന് അനുമതി തേടിക്കഴിഞ്ഞു.
There are no comments at the moment, do you want to add one?
Write a comment