അറബിക്കടലിൽ തകർന്നുവീണ മിഗ്ഗിലെ പൈലറ്റ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പറന്നുയർന്നതിനു പിന്നാലെ അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റ് ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി. നവംബർ 26നു വൈകിട്ടായിരുന്നു അപകടം. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചിരുന്നു.
വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ സേനാ വിമാനം നിയന്ത്രണം വിട്ട് അറബിക്കടലിൽ വീഴുകയായിരുന്നു. കർണാടകയിലെ കാർവാർ താവളത്തിൽനിന്നുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്.
രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. നാവികന്റെ സർവൈവൽ കിറ്റിൽ ഉൾപ്പെടുന്ന റഷ്യൻനിർമിത എമർജൻസി ലൊക്കേറ്റർ ബീക്കണിൽനിന്നുള്ള സിഗ്നൽ ലഭിക്കാത്തതിനാലാണ് മൃതദേഹം കണ്ടെത്താൻ വൈകുന്നതെന്ന് നാവികസേനവൃത്തങ്ങൾ അറിയിച്ചിരുന്നു. വിമാനത്തിൽനിന്ന് നിഷാന്ത് ഇജെക്ട് ചെയ്ത് പുറത്തുചാടിയിട്ടുണ്ടെന്നു വ്യക്തമായിരുന്നു.
There are no comments at the moment, do you want to add one?
Write a comment